നീ

അന്ന് കണ്ടുമുട്ടിയപ്പോൾതൊട്ട് മനസ്സിലുള്ള ചോദ്യമാണ്, ആരാണ് നീ.

സ്കൂളിന്റെ തുരുമ്പുപിടിച്ച ജനാലവഴി ഒളികണ്ണിട്ട് നോക്കിയപ്പോളാണ് ആ ചോദ്യം ഒരു മിന്നലായി മനസ്സിൽ വന്നത്. നോട്ടങ്ങളിൽ സ്നേഹത്തിന്റെ കവാടമൊളിപ്പിച്ച് വെച്ചപ്പോൾ, എന്നോടുള്ള കരുതലിന്റെ കാണാപ്പുറങ്ങൾ കാണിച്ചുതന്നപ്പോൾ നീയെനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി.

സൗഹൃദത്തിന്റെ അങ്ങേത്തലക്കലിലേ നിന്റെ കൈവിരലുകളുടെ സ്പർശനത്തിലാണ് നീ എന്റെ പ്രണയിനിയാകുന്നത് ഞാനറിഞ്ഞത്. ഇരുട്ടിലെ നിന്റെ കണ്ണുകളുടെ തിളക്കവും, നിശ്വാസങ്ങളുടെ ആഴവുമാണ് എന്റെ മറുപാതിയാണ് നീയെന്ന്ചൊല്ലിത്തന്നത്.

ജീവിതവഴിയോരങ്ങളിൽ വീണുപോയപ്പോളെല്ലാം കൈപ്പിടിച്ച്ചേർത്ത് “ഇനിയേറെ ദൂരം പോകാനുണ്ടെന്ന്” മൗനമന്ത്രം ചൊല്ലിത്തന്നപ്പോൾ അമ്മയുടെ മുഖമായിരുന്നു നിനക്ക്.

എന്റെ ഹൃദയവാതിൽത്തുറന്ന് എന്റേത് മാത്രമായിരുന്ന ആകാശത്തിലേക്ക് നീ പറന്നുകയറിയപ്പോൾ നിനക്കെന്‍റെതന്നെ മുഖമായിരുന്നു. ഒടുവിൽ ആ പച്ചക്കുന്നുകൾക്കിടയിലൂടെ കൈകോർത്ത് നടന്ന്, നിൻ്റെ ഹൃദയത്തടാകത്തിൽ ഞാൻ ലയിക്കുമ്പോൾ നിശ്ബദപ്രാർത്ഥനയോടെ നീ നിന്നത് എൻ്റെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു. അപ്പോൾ എൻ്റെ ഓർമ്മകളിൽ, നീയൊരു പ്രകാശമായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ആ മാത്രയിൽ ഞാൻ അറിഞ്ഞിരുന്നു, എൻ്റെ ഉള്ളിൽ നിന്ന് മന്ത്രിക്കുന്ന ശബ്ദം. നീ… നീ…നീ… സ്നേഹം.

Read More