പ്രകാശഗോപുരങ്ങൾ

മനോഹരമായ വൈകുന്നേരമൊരു
കവിതയെഴുതിയാലോന്ന് തോന്നി.

ഓർമ്മകളുടെ മഴപെയ്ത്തിൽ സദാ
നനഞ്ഞ് നിൽക്കുന്നത് കൊണ്ട്
നിങ്ങളെക്കുറിച്ച് എഴുതാമെന്നു കരുതി.

മനസ്സിലെ വായനക്കാരൻ പറഞ്ഞു
മാറി നടക്കാൻ സമയമായെന്ന്.
എന്തെഴുതും.

എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചുമല്ലാതെ
ഒന്നുമെനിക്കറിയില്ല.
അനന്തകോടി നക്ഷത്രങ്ങളുള്ള
ഈ കൊച്ചു ഭൂമിയിൽ നിങ്ങളാണെന്റെ
പ്രകാശഗോപുരങ്ങൾ.

വെളിച്ചത്തേക്കുറിച്ചല്ലാതെ
ഇരുട്ടിലകപ്പെട്ടുപോയ ഞാൻ
എന്തെഴുതാൻ.

വഴികാട്ടിയാലുമെന്നെ.


Read More