രാത്രിസഞ്ചാരം

ഒരോ രാത്രിസഞ്ചാരത്തിന്
ഇറങ്ങുമ്പോഴും ഞാൻ നിന്നേയോർക്കും.

നക്ഷത്രങ്ങളില്ലാത്ത കറുത്ത രാത്രിയിൽ
നാം നടന്ന വഴികളിൽ ഞാൻ വെറുതെ
വന്ന് നിൽക്കും.
ഈ മഞ്ഞവെളിച്ചങ്ങളുടെ
തെരുവിൽ ഞാനിപ്പോൾ ഒറ്റക്കാണ്.

ഈ തെരുവിന്റെ വഴിയവസാനമാണ്
നമ്മുടെ പ്രിയപ്പെട്ട ആൻഡലസ് ഉദ്യാനം,
അതിന്റെ കിഴക്കേ മൂലയിലെ പേരറിയാ
മരത്തിന്റെ ചുവട്ടിലാണ്
നാം ആകാശത്തോളം സ്വപ്നങ്ങൾ
കണ്ട് കിടന്നത്.

ഇന്ന് ഞാനും സ്വപ്നങ്ങളും തനിച്ചാണിവിടെ.
വെറുതെയാ മരച്ചുവട്ടിൽ കിടന്നു ഞാൻ.
കറുത്തയാകാശം, നിറയെ നക്ഷത്രങ്ങൾ.

കണ്ണടക്കട്ടെ ഞാൻ, സ്വപ്നത്തിൽ നീ വന്നാലോ!
ഒരു ചുംബനംകൊണ്ട് ഉണർത്തിയാലോ!!


Read More