കൂട്ട്

അന്നൊരു വൈകുന്നേരത്തെ ധ്യാനപ്രസംഗത്തിലാണ് ആ കപ്പൂച്ചിൻ ശാന്തമായി എന്നിലേക്ക് നടന്നുവന്നത്. പതിഞ്ഞ സ്വരത്തിൽ പകർന്നുതന്ന ചിന്തകൾകൊണ്ട് എൻറെ കണ്ണുകളെയും ഹൃദയത്തെയും ആദ്യമായി ഒരു വൈദികൻ കണ്ണീരിലാഴ്ത്തി.

അങ്ങനെയാണ് ബോബി ജോസ് കട്ടിക്കാട് എന്ന കപ്പൂച്ചിനെ ആദ്യമായി ഞാൻ കേൾക്കുന്നതും കാണുന്നതും. അതിനുശേഷം ഒരു നിയോഗം പോലെ ഈ പുസ്തകം എന്നെ തേടി വരികയായിരുന്നു - കൂട്ട്.

സ്നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ച് പ്രണയത്തെക്കുറിച്ചും ഇത്രമേൽ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും, അതിനുമപ്പറം ചിന്തിപ്പിക്കുകയും ചെയ്ത് വേറൊരു പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.

ജീവിതം ഒരുവനോട് കാട്ടാവുന്ന ഏറ്റവും വലിയ കനിവ് ആത്മസൗഹൃദത്തിൻറെ കൂട്ടാണെന്ന് ഇതിന്റെ താളുകൾ നിങ്ങളോട് ഉറക്കെ പറയും. സൗഹൃദത്തിൻറെ നാനാവശങ്ങൾ ധ്യാനിക്കുവാനും സ്നേഹിക്കപ്പെടാതെ പോയ എൻറെ സ്നേഹമെയെന്ന് ഓർത്തു വിലപിക്കാനും പ്രണയത്തിന്റെ വാൾ ഹൃദയത്തിൽ താഴ്ത്തുവാനും ഈ പുസ്തകങ്ങൾ നിങ്ങൾക്ക് വഴി പറഞ്ഞു തരും.

ഈ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു, ‘കൂടുതൽ സ്നേഹിച്ചതു കൊണ്ട് കൂടുതലായ പാളിച്ചകൾക്ക് പരിഹാരം ചെയ്യുക എന്നൊരു വഴിയെ ഇനി ഭൂമിയുടെ മുൻപിലുള്ളു. ഒരേയൊരു കല്‌പന - സ്നേഹം. അങ്ങനെയെങ്കിൽ ഒരേയൊരു പാപമേയുള്ളൂ - സ്നേഹലഘനം.’ ഇത്രനാൾ ഞാൻ ചെയ്തതെല്ലാം സ്നേഹപൂർവ്വമായിരുന്നോയെന്ന് സ്വയം ചോദിക്കുവാനുള്ള വെളിച്ചമിത് പകരും.

കൂട്ടിന്റെ നിലാവെട്ടം വീണ ചെറുകുറിപ്പുകൾ നിറഞ്ഞ ഈ പുസ്തകം വായിക്കുമ്പോൾ നാം അസീസിയിലെ ഫ്രാൻസിസ് തൊട്ട് മാഗിവരെയുള്ളവരുടെ കഥകളാൽ ജ്ഞാനസ്നാനപ്പെടും. ആമുഖത്തിൽ പറയുന്നതുപോലെ ഒരിക്കൽ മുങ്ങിനിവർന്ന നദിയിലല്ല വീണ്ടും മുങ്ങുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരിക്കും ഇതിലെ ഓരോ പുറവും നമ്മുടെ വേരുകളെ നനക്കുന്നത്.

വായിച്ചു തീർത്തിട്ടും, ഇടക്കിടെ എടുത്ത് പിന്നെയും പിന്നെയും വായിച്ച് സ്വയം ധ്യാനത്തിലാഴാൻ ഇതിനോളം നല്ലൊരു സൗഹൃദമില്ല.

കപ്പൂച്ചിയന്റെ സൗഹൃദത്തിന്റെ പുസ്തകത്തിന് നിറയെ സ്നേഹം നേരുന്നു.


Read More