കെട്ട്കഥ

ഞാൻ അവസാനമെഴുതുന്നത്
നിനക്കുള്ള കവിതയാരിക്കില്ല.

ആരും കേൾക്കാത്ത നമ്മുടെ കഥയാരിക്കും.
എനിക്കുറപ്പുണ്ട്, നീയും ഞാനുമൊന്നിക്കുന്ന
ആ കഥ നമ്മൾ വിശ്വസിക്കുന്നത്പോലെ
ആരും വിശ്വസിക്കില്ല.

എങ്ങനെ വിശ്വസിക്കും, നാമിരുവരും
മഴ നനഞ്ഞപ്പോൾ നീയെന്നിൽ
ഓടിയൊളിച്ചതും, നിൻ്റെ കണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ വീണുപോയതും
അവരറിഞ്ഞിട്ടില്ലല്ലോ.

അത്കൊണ്ട് ഞാനൊരു കെട്ട്കഥയെഴുതും
മന്ത്രവാദിയുടെ കെണിയിലകപ്പെട്ട രാജകുമാരൻ്റെയും,
വഴികൾ ഒളിപ്പിച്ച കവിതകൾ തേടിയെത്തിയ
രാജകുമാരിയുടെയും കഥ. പായുന്ന
കുതിരമേൽ ഇരുവരും രക്ഷപ്പെടുന്ന
പഴയാ നാടോടികഥയിൽ നാമിരുവരെയും
ഞാൻ വിളക്കിച്ചേർക്കും.

അങ്ങനെ എൻ്റെ കവിതകൾ എന്നിലേക്കുള്ള
വഴി നിനക്ക് പറഞ്ഞ് തന്നെന്നും, നമ്മൾ
കണ്ടുമുട്ടിയെന്നും ഞാൻ അവരെ വിശ്വസിപ്പിക്കും.

അവർക്കും നമ്മുക്കും അറിയില്ലല്ലോ
നാമിതുവരെ കണ്ട്മുട്ടിയിട്ടില്ലാന്ന്.


Read More