നഗരവും ഗ്രാമവും

ജീവിതത്തിൽ ഓരോ നിമിഷവും എന്നെക്കുറിച്ച് എനിക്കുണ്ടാകുന്ന തിരിച്ചറിവുകൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഇന്നലത്തെ എൻ്റെ കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും വലിയൊരു അളവിൽ വ്യതിചലിച്ചിരിക്കുന്നു. മാറില്ല എന്ന് ഞാൻ കരുതിയ പലതും നേരെ കടകം തിരിഞ്ഞ് നിൽക്കുന്നു. ആരോ പറഞ്ഞപോലെ മാറ്റമാണത്രെ മാറ്റമില്ലാത്ത ഒരേയൊരു സത്യം. പറഞ്ഞ മഹാത്മാവിന് സ്‌തുതിയാരിക്കട്ടെ.

എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എൻ്റെ ഗ്രാമവും അവിടുത്തെ ആൾക്കൂട്ടവും പള്ളിയും, മരങ്ങളും, മഴയും പിന്നെ സന്ധ്യകളും. ആ സുന്ദരസൗകര്യങ്ങളിൽ നിന്ന് വിട്ട്പോയി, ഏതേലും നഗരത്തിൻ്റെ രണ്ട് മുറി ഫ്ലാറ്റിൽ ചേക്കേറുന്നത് വീടിൻ്റെ സുഖസൗകര്യങ്ങളിൽ നിന്ന് മാത്രം ശീലിച്ചിരുന്ന എനിക്ക് ചിന്തിക്കുവാൻ കൂടെ കഴിഞ്ഞിരുന്നില്ല.

മുറ്റമില്ലാത്ത, പരസ്പരമറിയാത്ത ഇടനാഴികൾക്കിടയിൽ സദാ അടഞ്ഞ വാതിലുകളിലെ ഫ്ലാറ്റ് ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരുതരം ശ്വാസം മുട്ടലാരുന്നു എനിക്കന്ന്. പലപ്പോഴും ഞാൻ ഓർത്തിരുന്നു മുറ്റമില്ലാതെ എങ്ങനെയാണ് ചായകപ്പും പിടിച്ച് രാവിലെ ഇറങ്ങിനടന്ന് ഉലാത്താൻ കഴിയുന്നത്, അയൽക്കാരോട് മതിലിന്മേൽ കയറിയിരുന്ന് കുശലം പറയണേൽ എന്ത് ചെയ്യും, രാത്രിയിലൊരു ആപത്ത് വന്നാൽ ആരെ വിളിക്കാൻ പറ്റും. ആ, ഫ്ലാറ്റ്കാരുടെ ദുർവിധി!!

എൻ്റെ ചായനടത്തങ്ങളിലാണ് ഞാൻ രാവിലെ പലരോടും സംസാരിക്കുന്നത്, ഇന്നലെ രാത്രിയിലത്തെ ക്രിക്കറ്റ് കളിയുടെ സ്കോർബോർഡ് ചർച്ച ചെയ്യന്നതും, അപ്പുറത്തെ പിള്ളേരുമായി അന്നത്തെ പുതിയ പരിപാടികൾ ആസൂത്രണം ചെയ്യന്നതും, ഒരു കാര്യവുമില്ലാതെ വീട്ടുകാരോടും നാട്ടുകാരോടും വിശേഷം പറയുന്നതുമൊക്കെ ഈ നടത്തങ്ങളിലാണ്. ഇങ്ങനെ ഭൂഗോളത്തിൻ്റെ സ്പന്ദനം തിരുത്തുവാൻ കഴിയാത്ത പല കഥകളും പറഞ്ഞ് ഏതേലും മതിലിലോ അപ്പുറത്തെ വീട്ടിലോ ചായക്കപ്പ് മറന്ന് വെച്ച് ഞാൻ തിരികെ വീട്ടിൽ വരും.

മറന്ന കപ്പുകളൊക്കെയും പലപ്പോഴും ഞാൻ തന്നെ കണ്ടെത്താറുണ്ട്, അല്ലെങ്കിൽ പിന്നീട് ആരേലും കൃത്യമായി അമ്മയെ ഏൽപിക്കാറുണ്ട്. അവരുടെ സ്നേഹത്തിന് ഓരോ ചായ നേരുന്നു.

കിണറും മുറ്റവും ചെടികളും പൂക്കളുമെല്ലാം നോക്കി, എൻ്റെ വീടിൻ്റെ വാതില്ക്കല് അങ്ങനെ വെറുതെ പാട്ടും കേട്ട് കാലങ്ങളോളം ഇരിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ഞാൻ ഇടക്കിടെ ഓർക്കാറുണ്ട്. ദീർഘദൂരയാത്ര കഴിഞ്ഞ രാത്രിയിൽ തിരികെ വരുമ്പോൾ നിറയെ വിളക്കുകളുമായി എൻ്റെ വീടും അമ്മയും ഉറങ്ങാതെ കാത്തിരിക്കാറുണ്ട്. ഹാ, ഓർമ്മകൾക്ക് എന്ത് വെളിച്ചം!!

പക്ഷേ എല്ലാ സുന്ദരസുരഭില സുഖങ്ങളിൽ നിന്ന് നമുക്കിടക്ക് യാത്ര പറയേണ്ടി വരും, വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.

അങ്ങനെയൊരു നീണ്ട യാത്രയുടെ ഇടത്താവളങ്ങാളാണ് ഞാൻ മാറി മാറി നിൽക്കുന്ന എൻ്റെ ഫ്ലാറ്റുകൾ. എൻ്റേതെന്ന് പറയാൻ കഴിയുന്ന, എന്നാൽ എൻ്റേത് അല്ലാത്ത അതിഥിമന്ദിരങ്ങൾ. കിണറും മുറ്റവുമില്ലാത്ത, കഥ പറഞ്ഞിരിക്കാൻ ചെറുമതിലുകളില്ലാത്ത സദാ അടഞ്ഞ കിടക്കുന്ന രണ്ട് മുറി അടുക്കള കെട്ടിടം.

കാത്തിരിക്കാൻ അമ്മയില്ലാത്ത, കൂട്ടിരിക്കാൻ ഭാര്യയില്ലാത്ത, വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ മതിലിൻ്റെ അപ്പുറത്ത് നിന്ന് ബിനോച്ചേട്ടാന്ന് വിളിക്കാൻ ടൂട്ടുവിലാത്ത1 ഫ്ലാറ്റ്. ഫ്ലാറ്റിനെ വീടെന്ന് വിളിക്കാൻ ഇപ്പോഴും മടിയാണ്!!

പക്ഷേ എന്നിട്ടും പ്രിയപ്പെട്ട ഫ്ലാറ്റേ നിന്നെ ഞാൻ സ്നേഹിക്കുന്നു. ഏകാന്തതയുടെ സൗന്ദര്യം ആസ്വദിക്കുവാൻ പഠിപ്പിച്ചതിനും, ഒറ്റക്കിരുന്നാൽ അക്ഷരങ്ങൾ കൂട്ട് വരുമെന്ന് പറഞ്ഞ് തന്നതിനും നിറയെ നന്ദി.

എപ്പോൾ വേണേലും ഉറങ്ങാനും, വിളിച്ചുണർത്താൻ ആളില്ലാതെ കിടക്കുവാനും, എങ്ങനെ വേണേലും നടക്കുവാൻ കഴിയുന്ന ഏകാന്തതയുടെ സുന്ദരതുരുത്താണ് നീയെനിക്ക്. നിറയെ കടകമ്പോളങ്ങൾ നിറഞ്ഞ തെരുവും, ഒന്ന് നടക്കാനുള്ള ദൂരത്തിലെ ഹോട്ടലുകളും ആശുപത്രിയും, മനോഹരമായ അൻഡലസ് പൂന്തോട്ടവും അതിലെ മരങ്ങളും നടപ്പാതകളും എൻ്റെ ജീവിതം കൂടുതൽ സുഖകരമാക്കുന്നു.

മുറിയുടെ നാലുപാടും ചെടികൾ വെച്ച് ഞാൻ ഹരിതാഭംഗി നിറച്ച എന്റെ ചെറിയ ഇടത്തെ പതിയെ പതിയെ ഞാൻ കൂടുതൽ ഇഷ്ടപെടുന്നു. മുറ്റമില്ലെങ്കിലും വെളിച്ചത്തിലേക്ക് തുറന്നിട്ട ജനലിലോട്ട് നോക്കി, എൻ്റെ പുതിയ ചുമന്ന ചായക്കപ്പിൽ ചൂടുചായ കുടിച്ചുകൊണ്ട് ഈ ഫ്ലാറ്റിൻ്റെ സൗന്ദര്യം ഞാൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.

പഴയ ഇഷ്ട്ടങ്ങൾ എനിക്കൊപ്പം മാറിയിരിക്കുന്നു. പുതിയ ഞാൻ പതിയെ പുതുമയെ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. പഴയതിനെ മറക്കാതെ പുതിയതിനെ സ്നേഹിക്കാൻ ശീലിക്കുന്നു. ഹാ, മനോഹരമായ തിരിച്ചറിവുകൾ!!

അപ്പോൾ ഫ്ലാറ്റിലെ കട്ടിലിന് അരികെയുള്ള മേശമേൽ ഇരിക്കുന്ന ബ്ലൂടൂത്ത് സ്‌പീക്കറിൽ നിന്ന് ഓ. എൻ. വി അദ്ദേഹം എഴുതിയ പാട്ട് പതിയെ മുഴങ്ങുന്നു,

“ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാൻ മോഹം…”.

       


  1. അയലത്തെ വീട്ടിലെ കുഞ്ഞനിയൻ ↩︎


Read More