എന്നെ തിരയുന്ന ഞാൻ

ഇടക്കിടെ എനിക്ക് എന്നോട് വല്ലാതെ ഇഷ്ടം തോന്നാറുണ്ട്. എവിടെയാണ് എന്നെ തിരയേണ്ടത് എന്നത് ഓർത്ത് ഞാൻ എന്നെ തന്നെ അത്രമേൽ അത്ഭുതപ്പെടുത്താറുണ്ട്.

തണുപ്പത്ത് പുൽത്തകിടിൽ കിടന്ന് കൊണ്ട് അവിടെ ഇവിടെ നക്ഷത്രങ്ങൾ ചിതറികിടക്കണ ആകാശത്തേക്ക് നോക്കുമ്പോഴും അതിന് കീഴെ നിറയെ ശിഖരങ്ങളുള്ള പേരറിയാ മരത്തിന് മുകളിലോട്ട് നോക്കുമ്പോഴും ഞാൻ എന്നെക്കുറിച്ച് ഓർക്കാറുണ്ട്, ഈ അരണ്ട വെളിച്ചത്തിൻ്റെയും ഇരുട്ടിൻ്റെയും ഇടയിൽ ഞാൻ ഏകനാണ്.

മുകളിലെ ആകാശത്തിൻ്റെ അതേ നിലാവിലിൻ കീഴിൽ താഴേ എൻ്റെ പ്രിയപ്പെട്ടവരുണ്ടാകും. ആ സ്നേഹത്തിൻ്റെ ഇടയിലും ഞാനൊറ്റക്ക് എന്തോ തിരയുന്നുണ്ട്. ആൾക്കൂട്ടത്തിന് നടുവിൽ ഒറ്റക്കിരുന്ന് ഞാൻ തിരയുന്നത് എന്നെതന്നേയാണെന്ന് തോന്നുന്നു. മുഖത്തടിക്കുന്ന തണുത്ത കാറ്റ് എന്നെയെന്തോ ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ. ഈ തണുപ്പും പുൽത്തകിടും, കാടും കുന്നും കടന്ന് എനിക്ക് പോകനുണ്ടന്നാണോ ?!

കടന്ന് വന്ന നീണ്ട വർഷങ്ങൾ പോരാതെയായിരിക്കുന്നു. ഏറെ യാത്ര ചെയ്തു എന്ന തോന്നലുള്ള എൻ്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നു, ‘യാത്രകൾ ആരംഭിച്ചിട്ടേയുള്ള..ഇനി ഏറെ ദൂരം പോകാനുണ്ട്.’ മൗനമന്ത്രങ്ങൾ.

തണുപ്പേറി വരുന്നു, ഇട്ടിരിക്കുന്ന കമ്പിളിത്തുണ്ണിക്ക് ഉള്ളിലെ തണുപ്പ് മാറ്റാൻ കഴിയുന്നില്ല. സമയം വൈകുന്നു, ചുറ്റുമിരുട്ട് നിറയാൻ തുടങ്ങിയിരിക്കുന്നു. ഒരുതരി വെട്ടം വേണം, മുന്നാട്ടുള്ള യാത്രകളിൽ വെളിച്ചം വേണം. സ്വയം വെളിച്ചമാകുക.

ആരോ കണ്ണുകളോട് പറയുന്നു, ഞാൻ തേടുന്നത് എന്നെത്തന്നെയാണ്. എന്നിലെ മായാജാലങ്ങളെയാണ്. മിഴി പൂട്ടി ഞാൻ തിരയുന്നത് ഉള്ളിലെ മന്ത്രശക്തികളെയാണ്. എന്നിലെ മായാജാലക്കാരൻ എനിക്കായി കാത്തിരിക്കുന്നു. തിരിച്ചറിവുകൾ.

മിഴി തുറന്ന ഞാൻ നടത്തമാരംഭിച്ചു, എൻ്റെ ഉള്ളിലോട് തന്നെ. എന്നെ തിരഞ്ഞകൊണ്ടുള്ള യാത്രകൾ ഇവിടെ തുടങ്ങുന്നു. എന്നിൽ ആരംഭിച്ച എന്നിൽത്തന്നെ അവസാനിക്കുന്ന യാത്ര.


Read More