വിൺസുതൻ ജാതനായി - ഭാഗം 2

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ നിശ്ചയിച്ച ഉറപ്പിച്ച അടുത്ത വീടുകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്ന നീങ്ങും, ഇതേ ആവേശത്തോടെ ഞങ്ങൾ അടുത്തടുത്ത വീടുകൾ കയറി പാട്ടും കൊട്ടും തുടരും. ഓരോ വീട്ടിൽ പാടി കഴിയുമ്പോളും നിലക്കാത്ത ഊർജ്ജവും സന്തോഷവും ഞങ്ങളുടെ ഓരോരുത്തരുടെ കണ്ണിൽ മിന്നിനിൽപ്പുണ്ടാവും.

കൊട്ടും പാട്ടുമായി ഈ വഴികളിലൂടെ ഞങ്ങൾ പോകുമ്പോൾ, ഞങ്ങൾ കരോൾസംഘം ആരാണെന്ന് അറിയിക്കുവാൻ രണ്ട് വശവും കുരിശ് പള്ളിയെന്നും ബാക്കി രണ്ട വശവും ക്രിസ്തുമസ് പുതുവത്സരാശംസകൾ എന്നും വെള്ളയിൽ ചുമന്ന് നിറത്തിൽ എഴുതിയ ചതുരത്തിൽ ഉള്ള പെട്ടിവിളക്കും (പുൽക്കൂട് ) തലയിൽ വെച്ച് പള്ളിയുടെ തൊട്ടപ്പുറത്ത് താമസിക്കുന്ന ചേട്ടനും, മുളക്കമ്പേൽ പച്ചയും ചുമപ്പും മഞ്ഞയും തുടങ്ങിയ വർണ്ണപേപ്പർ ഒട്ടിച്ച് ഉണ്ടാക്കിയ നക്ഷത്രവും കൈയിൽ പിടിച്ചോണ്ട് പ്രായമായ കൊച്ചേട്ടനും നടന്ന നീങ്ങും ഞങ്ങളക്ക് പുറകെ. കൂലിയെക്കാൾ ഏറേ പള്ളിയെ ചേർന്ന് നിന്ന് സ്നേഹിക്കുന്ന ഇവരാണ് വിളക്കും പുൽക്കൂടും എടുക്കുന്നത്.

ഇനിയും പാടാൻ ഉള്ളത് നേഴ്സ്അമ്മച്ചിയുടെ വീടാണ്. എല്ലാ വർഷവും മുടങ്ങാതെ ഞങ്ങൾക്ക് വെള്ളകേക്കും ചുക്ക്കാപ്പിയും തരുന്ന വീടുകളിലൊന്ന്. വെളുത്ത സാരി ഉടുത്ത് വെളുത്ത മെലിഞ്ഞ നീളം കുറഞ്ഞ അമ്മച്ചി നിറഞ്ഞ ചിരിയോട് കൂടെ ഞങ്ങളെ സ്വീകരിക്കും. കൈയ്യടിയും ആർപ്പവിളിയും നിറഞ്ഞ പാട്ടുകളക്ക് ഒടുവിൽ വിസിലടിച്ച പാട്ട് അവസാനിപ്പിച്ച ഞങ്ങൾ വീട്ടീന്ന് ഇറങ്ങാൻ തുടങ്ങും. അപ്പോൾ അമ്മച്ചി വിളിക്കും - “എടാ മക്കളെ ആരും പോകരുത്, കാപ്പിയുണ്ട്’. അവിടെ കാപ്പിയുണ്ടന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങൾ പിള്ളേർ പതിയെ ഇറങ്ങാൻ ഭാവിക്കുന്നത്. അമ്മച്ചി പുറകീന്ന് വിളിക്കുന്നത് കേട്ടിട്ട് വന്ന് കാപ്പി കുടിക്കുന്നത് ഒരു രസം.

കഴിക്കാൻ തരുന്ന വീട്ടിൽ ഒരു ‘സന്തോഷ സൂചകം ’ പാടാതെ ഞങ്ങൾ ആരും തിരികെ പോകാറില്ല. വർഷങ്ങളായി തുടരുന്ന പതിവാണത്.

" സന്തോഷസൂചകമായി തന്നത് സ്വീകരിച്ച,
ബാലകരാം ഞങ്ങളിതാ പോകുന്നു…
ഞങ്ങൾ പോകുന്നു…”

കയ്യിൽ കാപ്പിയും വായിൽ കേക്കുമായി കുറച്ചുപേർ അത് പാടുമ്പോൾ, ചിലർ അവിടുത്തെ വരാന്തയിലെ അരമതിലിൽ വിശ്രമത്തിലാകും. ഇതിനിടയിൽ തലമുതിർന്നവർ ഇരുട്ടിലൊന്ന് പോയി സന്തോഷം പങ്ക് വെച്ചിട്ട് വരും. സന്തോഷ സൂചകത്തിൻ്റെ പാട്ട് കഴിഞ്ഞ അടുത്ത വർഷവും കാപ്പി തരണേ എന്ന പറഞ്ഞകൊണ്ട് അവിടുന്ന് ഇറങ്ങി അടുത്ത വീടുകളിലോട്ടുള്ള നടത്തമാരിമ്പിക്കും.

കരോൾ തുടങ്ങുമ്പോൾ പല തിരക്കുകൾ കൊണ്ട് വരാൻ കഴിയാഞ്ഞ പലരും പിന്നീട് പതിയെ പതിയെ ഈ വഴികളിൽ വെച്ച് വന്ന ചേരും. നടക്കാൻ വയ്യാത്ത ചില അച്ചായന്മാർ സ്കൂട്ടറിൽ ഞങ്ങളെ അനുഗമിക്കും. ഇങ്ങനെ ഇങ്ങനെ ഞങ്ങളുടെ ഗായകസംഘം മുന്നോട്ട് നീങ്ങും, ഇടക്ക് ഇടവവീടുകളിലെ കേക്കും കാപ്പിയും, കപ്പയും കാച്ചിലും കാന്താരിചമ്മന്തിയും ഞങ്ങളുടെ പാട്ടിന് ഉണർവേകികൊണ്ടിരിക്കും.

പ്രധാനറോഡിൽ നിന്ന് ഇടവഴികളിലൂടെയും പാടവരത്തിലൂടെയും ഞങ്ങൾ പെട്രോൾമാക്സിൻ്റെ അരണ്ടവെളിച്ചത്തിന് പുറകെ നടക്കും. പോകും വഴി പല വീടുകളിലും രണ്ടും മുന്നും നക്ഷത്രവിളക്കുകൾ മിന്നികത്തുന്നുണ്ടാവും, മുറ്റത്തെ ചെറുമരങ്ങളിൽ പലവർണങ്ങൾ ഉള്ള ചെറിയ എൽ.ഇ.ഡി ബൾബുകൾ തൂക്കിയിട്ട നാടൻ ക്രിസ്തുമസ് ട്രീ തൊട്ട് വരാന്തയിൽ വെച്ചിരിക്കിന്നു വലിയ റെഡിമേഡ് ട്രീകൾ കൊണ്ടുള്ള ആഘോഷങ്ങൾ ഈ യാത്രയിൽ കാണാം. അവിടെയെല്ലാം ഞങ്ങളെ സ്വീകരിക്കാൻ മടിക്കാത്ത എല്ലാ വീടുകളിലും ക്രിസ്തുമസിൻ്റെ സന്ദേശമറിയിക്കും ഞങ്ങൾ. ഇടുങ്ങിയ വഴികളിലൂടെ ഇരുട്ടിൽ നടക്കുമ്പോൾ ഒരു രണ്ടുവരി പാട്ട് ഉയരും കുട്ടത്തിൽ നിന്ന്,

“ഈ വഴി വളരെ ഇടുക്കവും ഞെരുക്കവും,
ആരിത് കടന്നീടുമേ……”
മാലോകരെ കേൾക്കുവിൻ മാമാറിയാമ്മിൻ സുതൻ
മണ്ണിടത്തിൽ ഇന്ന് ഉദിച്ചത്."

സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സമയം കടന്ന് പോകുന്നത് അറിയാത്ത നടത്തമാണ് ക്രിസ്തുമസ് കാരോളിൻ്റെ നടത്തം. ഇനി ചെല്ലാനുള്ള വീടുകളിലെ അംഗങ്ങൾ ഉറങ്ങി കാണും. കുരിശപ്പള്ളിയുടെ കരോൾ അവരുടെ വീട്ടിൽ കയറാതെ പോയാൽ നാളെ വഴിയിൽ തടഞ്ഞ നിർത്തി അവർ പരിഭവം പറയും. അവരുടെ വീടുകളിൽ കയറുമ്പോൾ ഡ്രം കൊട്ടി തുടങ്ങും, എന്നിട്ടും വീടിൻ്റെ വാതിൽ തുറന്നിലേൽ, കോട്ട നിർത്തി ജനലിന്റെ അടുത്തുനിന്ന് ഉറക്കെ വിളിച്ച പറയും, ‘കുരിശപ്പള്ളിയിൽ നിന്നാണേയെന്ന്’. അത് കേൾക്കുമ്പോൾ ഏത് വാതിലും തുറക്കും, വാതിൽ തുറന്ന് ഞങ്ങളുടെ പാട്ടും കൊട്ടും സന്തോഷവും അവർ സ്വികരിക്കും.

സമയം വൈകി വരുന്നു, ഒരു മണിയാകുമ്പോൾ ഇന്നത്തെ കരോൾ തീരണം. ഇനി കുറച്ച വീടുകൾ മാത്രം ബാക്കി, ഈ രാത്രി മുഴുവൻ നടക്കാൻ തയ്യാറായാണ് ഞങ്ങൾ എല്ലാവരും മുന്നോട് പോകുന്നത്. അത്രമേൽ വലിയ ഒരു വികാരമാണ് ക്രിസ്മസ് കരോൾ.

ആവേശവും ആഹ്ളാദവും കുറയാത്ത നടത്തത്തിലും കൊട്ടിലും, വീടുകൾ കയറി ഞങ്ങൾ പാടും. അവസാനം അന്നത്തെ കരോൾ, കവലിയിലെ കന്യകമറിയാമിൻ്റെ കുരിശുംതൊട്ടിലിൽ നിർത്താൻ സമയമാകും. ഉണ്ണിയേശുവിനെ കയ്യിൽ പിടിച്ചോണ്ട് നിക്കുന്ന മേരിമാതാവിൻ്റെ ചിത്രത്തിന് മുൻപിൽ ആ പാട്ട് ഞങ്ങൾ പാടും.

“സുതനെ തിരുസുതനെ കന്യകയിൻ മകനേ…
ഉണർവിൻ ഉറവിടമേ മന്നവമഖിലേശാ.. "

വിസിലടിച്ചു, പാട്ട് നിർത്തും.

മനസ്സിൽ സന്തോഷം മാത്രം തീർന്നില്ല. ഇനിയുമുണ്ട് കരോൾ ദിനങ്ങൾ, അവ ഒരിക്കലൂം അവസാനിക്കരുതേ എന്ന് ഓർത്തുകൊണ്ടും അതിനെ നിറഞ്ഞ സ്നേഹിച്ചുകൊണ്ടും അന്ന് ഞങ്ങൾ പിരിയും. ഡ്രമ്മും ബാക്കി സാധനങ്ങളും അടുത്തുള്ള ഇടവകവീട്ടിൽ ഏൽപ്പിച്ചിട്ടുണ്ടാവും അപ്പോൾ.

പാടി ഇടറിയ ശബ്ദവുമായി തിരിച്ച് നടക്കുമ്പോൾ ഡ്രമ്മിൻ്റെ ശബ്ദമിങ്ങനെ ചെവിയിൽ മൂളുന്നുണ്ടാവും, മനസ്സിൽ അന്നേരം ആരോ ഉറക്കെപ്പാടുന്നുണ്ടാവും,

“ഇന്നിതാ വിൺസുതൻ ജാതനായി
കന്യാമേരി തൻ കണ്മണിയായി.”


Read More