ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.
ചങ്ങാതി
ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.
ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയെന്താണ് ദൈവനിയോഗം.
നീലച്ചിറകുകൾ
ഒഴിഞ്ഞ പച്ചകുപ്പി കാണുമ്പോൾ ഞാൻ ഓർക്കുന്നത് , വേരുകൾ പിറക്കാൻ ഞാൻ കാത്തിരുന്ന പച്ചയും മഞ്ഞയും കലർന്ന എൻ്റെ വള്ളിച്ചെടികളെയാണ്. അരികിലുള്ള നാല്മണിച്ചെടിയുടെ പൂക്കളെയാണ്.
ഓരോ പ്രഭാതങ്ങളിലും എൻ്റെ സ്വപ്ങ്ങൾക്ക് നീലച്ചിറകുകൾ തുന്നിത്തരാൻ അവ എന്നെയും കാത്ത് ഇപ്പോഴും ആ ജനരികിലുണ്ട്.
കോറോണകാലം
ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.
ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.
ചിറകുകൾ
ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.
പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.
റാന്തൽ
ഞാൻ പോകുമ്പോൾ
ഒരു റാന്തൽ കെടാതെ
ഉമ്മറത്ത് തൂക്കിയിടാം.
വൈകുന്നേരങ്ങളിൽ അത്
കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്
ഓർത്ത്കൊള്ളുക.
പുതുശബ്ദമാകുക
ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.
പക്ഷേ അപ്പോൾത്തന്നെ എതിർവശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് കുട്ടികളുടെ ആരവങ്ങൾ ഉയരുമ്പോൾ, എല്ലാ ആപത്തുകാലങ്ങളെപ്പോലെ ഈ കോറോണക്കാലവും നാം കീഴടക്കുമെന്ന് അവർ പറയുന്നുണ്ടെന്ന് തോന്നുന്നു.
പ്രീതിക്ഷയുടെ പുതുശബ്ദമാകുക നമ്മൾ പരസ്‌പരം.
മുറിവുകൾ
നീ തന്ന മുറിവുകളിൽ
പൂക്കൾ വിരിയുമ്പോഴും,
നിന്റെ ഗന്ധമായിരിക്കും.
മുറിവുകൾ
നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.
നീ അവയിൽ ചുംബിക്കുക, ഇനിയും നിനക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് തരും അവ.
കണ്ണുകൾ ഉയർത്തി നീ മുന്നോട്ട് പോകുക.