നല്ല കലാകാരന്റെ ലക്ഷണം

എന്താണ് ഒരു നല്ല കലാകാരന്റെ ലക്ഷണം?

ഉത്തരത്തിന്മുൻപ്, ഒരു കഥ സൊല്ലട്ടുമാ?

ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി. ചെറിയ സഞ്ചാരത്തിന് ശേഷം ഞാൻ, സൽമാനിയായിലുള്ള വാട്ടർ ഗാർഡനിലെത്തി. അധികം ആളുകളൊന്നും ഇല്ലാത്ത ശാന്തമായ പ്രഭാതം.

ഞാൻ ടിക്കറ്റ് എടുത്ത് അകത്ത് കയറി, കല്ല് പാകിയ വഴികളിലൂടെ ഞാൻ നടത്തമാരംഭിച്ചു. വലുതും ചെറുതുമായ പല മരങ്ങളും, ചെടികളും, പച്ചവിരിച്ച പുൽത്തകിടുകളും, അതിനിടയിലൂടെ നീണ്ട വളഞ്ഞ് പോകുന്ന കല്ല് പാകിയ നടവഴികളുമുള്ള വലിയൊരു പൂന്തോട്ടമാണിത്. ഒരു വശത്തു വലിയ കുളവും, മറ്റൊരു വശത്തു കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലമുള്ള ഇതിനെ സുന്ദരമായി ഇവിടുത്തെ സർക്കാർ സൂക്ഷിച്ചിട്ടുണ്ട്.

ചെറു നടത്തങ്ങൾക്കിടയിൽ ഭംഗി തോന്നിയതെല്ലാം ഞാനെൻറെ ഫോണിൻറെ ക്യാമറയിൽ പകർത്തിക്കൊണ്ടേയിരുന്നു. പലതവണ കണ്ട കാഴ്ചകളാണെങ്കിലും ഓർമ്മകൾക്ക് വേണ്ടി അവയെ വീണ്ടും വീണ്ടും ഞാൻ ഫോണിൽ പകർത്തി. ഫോട്ടോകളിലാണ് ഞാൻ ഓർമ്മകൾ സൂക്ഷിക്കുന്നത്.

കുറച്ചുസമയത്ത് നടത്തത്തിന് ശേഷം ഞാനൊരു പുൽത്തകിടിൽ വെറുതെ കിടന്നു. മുകളിലോട്ട് നോക്കിയപ്പോൾ തെളിഞ്ഞ ആകാശം. രാവിലെ ഇങ്ങനെ മാനം നോക്കി കിടക്കാൻ നല്ല രസമുണ്ട്. നീലവിരിച്ച് നിൽക്കുന്ന ആകാശത്തിൽ മരങ്ങളുടെ പച്ചിലകൾ പടർന്നു നിൽക്കുന്നു. ഞാൻ വീണ്ടും ക്യാമറ എടുത്തു ആകാശക്കാഴ്ചകളുടെ കുറച്ചു ചിത്രങ്ങൾ കൂടിയെടുത്തു.

എടുത്തതിൽ ഒരെണ്ണം ജിനോയ്ക്കു വെറുതെ അയച്ചുകൊടുത്തു. താഴെ കാണുന്നതാണ് അയച്ചത്:

കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ റിപ്ലൈ വന്നു. എടുത്ത് നോക്കിയപ്പോൾ ഞാൻ അയച്ച ഫോട്ടോയിൽ ഒരു ഭാഗം ഫ്രെയിം പോലെ വരച്ച് അവൻ തിരിച്ചയിച്ചിരിക്കുന്നു.

അവൻ പറഞ്ഞ ഭാഗം മാത്രം ഞാൻ സൂം ചെയ്ത് ഒന്നുകൂടെ എടുത്തു. എടുത്ത ഫോട്ടോ കണ്ടപ്പോൾ അതുതന്നെ അത്ഭുതപ്പെടുത്തി. ആ ഫോട്ടോയ്ക്ക് പുതിയൊരു ജീവൻ വന്നിരിക്കുന്നു.

ഞാനത് അവന് അയച്ചുകൊടുത്തു. അത് അവൻ അന്നേരം തന്നെ എഡിറ്റ് ചെയ്ത് തിരിച്ചയച്ചു. അതിൽ വെളിച്ചം വന്നിരിക്കുന്നു. ആ ചിത്രം അപ്പോൾ പൂർണ്ണമായതുപോലെ തോന്നിയെനിക്ക്.

അപ്പോൾ കഥയിലെ കാര്യത്തിലേക്ക് വരാം.

എന്താണ് ഒരു നല്ല കലാകാരന്റെ ലക്ഷണം ?

മറ്റുള്ളവർക്ക് സാധാരണമെന്ന് തോന്നുന്ന പലതിൽ നിന്നും മനോഹരമായ കാര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതാണ് ഒരു നല്ല കലാകാരന്റെ ലക്ഷണം.

Read more...