അസ്രി ബീച്ച്

വെള്ളിയാഴ്ച്ച പതിവുപോലെ നേരത്തെ ഉണർന്നു. മൊബൈൽ എടുത്ത് സമയം നോക്കി, ആറുമണി കഴിഞ്ഞതേയുള്ളൂ. അവധി ദിവസങ്ങളിൽ കൂടുതൽ ഉറങ്ങണമെന്ന് കരുതിയാൽ പോലും ഉറങ്ങാൻ പറ്റാറില്ല, അല്ലാത്ത ദിവസം മൂന്നാമത്തെ അലാറം കഴിഞ്ഞാലും എണീക്കാനും പറ്റാറില്ല. വല്ലാത്തൊരുതരം ജീവിതം തന്നെ. 

എന്നിലിരുന്നാലും കട്ടിൽ കിടന്ന് ‘സ്ലോ മോണിംഗ്’ കുറച്ച് ആസ്വദിച്ചു. (അറിയാത്തവർക്ക് വേണ്ടി, ഈ ‘സ്ലോ മോണിംഗ്’ എന്ന് പറഞ്ഞാൽ, രാവിലെ തിരക്കോന്നുമില്ലാതെ പതിയെ ഇഷ്ടമുള്ളതെല്ലാം ആസ്വദിച്ചു ചെയ്യുന്നൊരു പരിപാടിയാണ്.) പിന്നെ നമ്മുക്കിത് അവധി ദിവസം മാത്രമേ പറ്റൂ, അത് കൊണ്ട് പാട്ടൊക്കെ കേട്ട് ഇങ്ങനെ മാനം നോക്കി വെറുതെ കിടന്നു. ഇന്നലേ തീരുമാനിച്ചതാണ് ഇന്ന് രാവിലെ എവിടേലും പോകണമെന്ന്.

കുറച്ച് കഴിഞ്ഞ് പതിയെ എഴുന്നേറ്റ് കുളിയും തേവാരവും കഴിഞ്ഞു കഴിക്കാൻ പുറത്തിറങ്ങി. പതിവ് പോലെ പുറത്ത് കഴിക്കാൻ പോകുന്ന എന്നേ നോക്കി, അവളില്ലാത്ത അടുക്കള (പുച്ഛിച്ച്?) ചിരിച്ചു. അവധി ദിവസം ഗൗരി കൃഷ്ണയിലെ മിനി ബ്രേക്ക് ഫാസ്റ്റാണ് കുറച്ച് നാളായുള്ള ശീലം, നല്ലൊരു തമിഴ് റസ്റ്റോറന്റാണത്. ഒരു ചെറിയ മസാലദോശ, ഒരു ഇഡലി, ഒരു പൂരി, ഒരു വട, ഉരുളക്കിഴങ്ങ് മസാല, ആവശ്യത്തിന് സാമ്പാറും തേങ്ങാ ചട്നിയും, പിന്നെ ഒരു ചായയും. സംഭവം കളറാണ്. (850 ഫിൽസേ ഉള്ളൂ, ഏകദേശം 200 ഇന്ത്യൻ രൂപ) ഇവിടുത്തെ കണക്കിൽ വിലക്കുറവാണ്.

രുചിയോടെയുള്ള ആഹാരം കഴിച്ചിറങ്ങി. നേരെ പോയി വണ്ടിയെടുത്ത്, ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്തു. അസ്രി ബീച്ച് (ASRY Beach), സംഭവം ഹിദ്ദിലുള്ള ചെറിയൊരു ബീച്ചാണ്. അങ്ങോട്ടാണ് ഇന്നത്തെ യാത്ര.

വണ്ടിയെടുത്ത് ഇറങ്ങി, നേരെ പോയത് പെട്രോൾ പമ്പിലേക്കാണ്. ഒന്നും നോക്കിയില്ല മുംതാസ് നിറച്ചോളാൻ പറഞ്ഞു. പെട്രോൾ ടാങ്ക് നിറഞ്ഞതിന്റെ സിംബൽ തെളിഞ്ഞു. കൊള്ളാം രസമുണ്ട് കാണാൻ.

ഇവിടെ ബഹ്‌റൈനിൽ മുംതാസും ജയ്യിദും എന്നുള്ള രണ്ട് പെട്രോൾ വകഭേദങ്ങളുണ്ട്. കൂടുതൽ ഒക്ടേൻ ഉള്ള വകഭേദമാണ് മുംതാസ് (അതായത് കുറച്ചൂടെ ഗുണനിലവാരം കൂടിയത് ) അപ്പോൾ വിലയും ചെറുതനെ കൂടും. ഈ പറഞ്ഞ ഒക്ടേൻ കുറവാണ് ജയ്യിദ് പെട്രോളിൽ, വിലയും.

നമ്മൾ റിച്ച് ആയതുകൊണ്ടല്ല മുംതാസ് ചാമ്പിയത്. ഇവിടുത്തെ ഗവൺമെൻറ് പെട്രോളിന്റെ വില ചെറുതായിയൊന്ന് കൂട്ടിയാരുന്നു ഈ അടുത്ത്. അതായത് നേരെ ഇരട്ടിയിൽ കൂടുതലാക്കി. അതുകഴിഞ്ഞപ്പോൾ ഇവർ തമ്മിൽ വലിയ അന്തരം ഇല്ലാതായി, അതുകൊണ്ട് ഞാൻ മുംതാസ് ചാമ്പിയെന്ന് മാത്രം.

വണ്ടി യാത്ര തുടർന്നു, ഗുദേബിയയിൽ നിന്ന് ഹിദ്ദ് (Al Hidd) ഹൈവേയിലൂടെയാണ് എനിക്ക് പോകേണ്ടത്. 17 കിലോമീറ്റർ ഉണ്ട് 17 മിനിറ്റിനുള്ളിൽ ചെല്ലും. വെള്ളിയാഴ്ച രാവിലെ തിരക്കില്ല, അത് കൊണ്ട് തന്നെ പെട്ടെന്ന് ചെല്ലും.

പെട്ടെന്ന് തന്നെ ഞാൻ ഹൈവേയിൽ എത്തി, നീണ്ടു നിവർന്നു കിടക്കുന്ന സുന്ദരൻ റോഡ്. കെട്ടിടങ്ങൾ മാറി കടലായി ഒരുവശം. ഞാൻ വണ്ടിയുടെ വേഗത നൂറിൽ താക്കാതെ പോയിക്കൊണ്ടേയിരുന്നു. വണ്ടികൾ റോഡിലില്ലെങ്കിൽ നൂറ് കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ പോലും നമ്മൾ വളരെ പതുക്കെയാണ് പോകുന്നതെന്ന് നമുക്ക് തോന്നും. അതുകൊണ്ടുതന്നെ ചവിട്ടി വിടാൻ തോന്നും. പക്ഷേ പാടില്ല, ക്യാമറയുണ്ട് ബിഗിലേ.

കുറച്ച് ദൂരം കഴിഞ്ഞ് ഹൈവേയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇൻഡസ്ട്രി ഏരിയയിലേക്ക് ഞാൻ കയറി. ഈ ഭാഗം മുഴുവൻ വിവിധ ഫാക്ടറികളാണ്, ബിസ്ക്കറ്റ് തൊട്ട് സിമൻറ് ഉണ്ടാക്കുന്ന ഫാക്ടറികൾവരെയുണ്ട് ഇവിടെ. വണ്ടി മുന്നോട്ട് നീങ്ങി, ആദിത്യ ബിർള അൾട്രാ ടെക് സിമന്റിന്റെ വലിയൊരു ഫാക്ടറി കണ്ടു. അതെ നമ്മുടെ ബിർളയുടെ തന്നെ. വഴിയിൽ ഇടക്ക് ഹെവി ഡ്യൂട്ടി ട്രക്കുകൾ മന്ദം മന്ദം പോകുന്നുണ്ട്. 

ഞാൻ സ്ഥലം എത്താറായെന്ന് ഗൂഗിൾ മാപ്പ് കാണിച്ചു തന്നു. ഇൻഡസ്ട്രി ഏരിയയ്ക്ക് അകത്തുള്ള ചെറിയൊരു ബീച്ചാണ് അസ്രി ബീച്ച്. ഈ അസ്രി (ASRY) എന്ന് പറഞ്ഞാൽ അറബ് ഷിപ്പിംഗ് ആൻഡ് റിപ്പയർ യാർഡ് (Arab Shipbuilding and Repair Yard) ന്റെ ചുരുക്കപ്പേരാണ്. കപ്പൽ നിർമ്മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന ബഹ്‌റൈനിലെ വലിയൊരു കമ്പനിയാണിത്. അവരും പിന്നെ ഇവിടുത്തെ കുറച്ച് കമ്പനികളും ചേർന്ന് സംയുക്തമായി നിർമ്മിച്ചതാണ് ഈ ബീച്ച്.

വൈകാതെ ഞാൻ സ്ഥലം എത്തി. വണ്ടി പാർക്ക് ചെയ്യാൻ ബീച്ചിനോട് ചേർന്ന് കുറച്ച് സ്ഥലമുണ്ട്, ഞാനവിടെ വണ്ടിയിട്ട് ഇറങ്ങി.

നമ്മൾ ആദ്യം കാണുന്നത് മനോഹരമായ മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഇടമാണ്. അതിനു തൊട്ടുമുന്നിലായി നീണ്ടു നിവർന്നു കിടക്കുന്ന കടൽ.

കല്ലുകൊണ്ടുള്ള കൈവരിക്കിടയിലൂടെ ഞാൻ മരക്കൂട്ടത്തിന് അകത്തോട്ട് കയറി. മൂന്നു വരിയിലായി മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ചെറിയൊരു തണലിടമാണ് ആദ്യം. ഉയരം കുറഞ്ഞ നിറയെ ഇലകളുള്ള മരങ്ങൾ, വെളുത്ത മണ്ണിൽ അവ വേരുകൾ ആഴ്ത്തി പടർന്ന് നിൽക്കുന്നു. അതിനിടയിൽ ഇരിക്കാൻ സ്ഥലമില്ലെങ്കിലും, ഒരു വശത്തോടെ നടക്കാം. മരങ്ങളിൽ ചിലതിൽ മൈനയെ കണ്ടു (ഒറ്റ മൈന അല്ല മോനെ). അവ കുറച്ച് കാക്കകളുടെ കൂടെ കൂട്ടത്തോടെ നിൽക്കുന്നു. എന്നെ കണ്ടതും അവയെല്ലാം എങ്ങോട്ടോ പറന്നുപോയി.

ഞാനാ മരത്തണലിൽ കൂടി ഒന്ന് നടന്നു, നല്ല തണുത്ത കാറ്റ്. ഞാൻ പതിയെ ബീച്ചിലോട്ട് ഇറങ്ങി. ഒരു ഫാമിലി മാത്രമേയുള്ളൂ ബീച്ചിൽ. ചെറുതെങ്കിലും മനോഹരമായ കടപ്പുറം. ഇവിടുത്തെ കടൽ പൊതുവേ ശാന്തമാണ്, വലിയ തിരകൾ ഇല്ലാത്ത മനോഹരമായ കിടക്കുന്ന നീലക്കടൽ. ചെറു ഓളങ്ങൾ തീരത്തെ തഴുകുന്നുണ്ട്. ഒരുതരം പച്ച കലർന്ന നീല നിറത്തിൽ കടൽ പരന്ന് കിടക്കുന്നു. അതിന് മുകളിലായി വരച്ച് വെച്ചത് പോലെ നീലയിൽ വെളുത്ത വരകളുള്ള ആകാശം.

പക്ഷേ ഇവിടെ ലൈഫ് ഗാർഡ്സും സെറ്റപ്പും ഒന്നുമില്ല എല്ലാം സ്വന്തം റിസ്കിലാണ്. പിന്നെ സുരക്ഷ അറിയിപ്പുകൾ കൃത്യമായി  എഴുതിവെച്ചിട്ടുണ്ട്. കടലിൽ സുരക്ഷാ വേലി കെട്ടിയേക്കുന്നിടം വരെ നമ്മുക്ക് നീന്തി പോകാം. വേണേൽ പിന്നെയും അങ്ങോട് പോകാം, പക്ഷേ ചിലപ്പോൾ തിരിച്ചു വരാൻ പറ്റിയെന്ന് വരില്ല. ആഴക്കടലാണ്.

ഞാൻ കുറച്ച് സമയം കടലിൻറെ അരികിലൂടെ നടന്നു. ഒരു മകൾക്ക് അപ്പൻ കടലിൽ നിന്ന് ചെറിയ കക്കതോടുകൾ പെറുക്കി കൊടുക്കുന്നു. ആ കുഞ്ഞ് സന്തോഷത്തോടെ അത് എല്ലാം മേടിക്കുണ്ട്. മേടിക്കുന്നതിനൊപ്പം കൂടുതൽ പെറുക്കി എടുക്കുന്നുമുണ്ട് കുഞ്ഞ്. ഞാൻ മുന്നോട്ടു നടന്നു, ചെറിയ തണുത്ത കാറ്റ് ഉണ്ടെങ്കിലും വെയിന് നല്ല ചൂടുണ്ട്. മഞ്ഞുകാലം കഴിയാറായി, ഇനിയും അവന്റെ വരവാണ്, ചൂടന്റെ.

ബീച്ചിന് മുന്നിലായി മണൽപ്പുറത്ത് സിമൻറ് തറയിൽ നാലുഭാഗവും തുറന്ന ചെറിയ കുട പോലുള്ള ഒരു നിർമ്മിതികളുണ്ട്. കാണുമ്പോൾ ഒരു രസമൊക്കെയുണ്ടെങ്കിലും കാര്യമൊന്നുമില്ല. വെയില് മൊത്തം കൊള്ളും അവിടെനിന്നാൽ.

ബീച്ചിന്റെ ഒരു വശത്ത് ദൂരെ കപ്പലുകൾ കിടക്കുന്നു, പണിക്കു വന്നതാകാം. അതിനു പുറകിലായി ചെറിയ കോടമഞ്ഞിൽ ഞാൻ വന്ന ഹിദ്ദ് പാലവും ജുഫൈർ നഗരവും കാണാം. ഒരുതരം സിനിമാറ്റിക് ഭംഗിയുണ്ട് ആ കാഴ്ചയ്ക്ക്.

ഞാൻ ബീച്ചിലൂടെ നടന്നു, ഇടക്ക് അമ്മയേയും അവളെയും വിളിച്ചു. നടന്നുകൊണ്ട് ഞാൻ അവരോട് വീട്ട് കാര്യങ്ങൾ സംസാരിച്ചു. അവരുടെ സംസാരത്തിന്റെ ഇടയിലൂടെ ഞങ്ങളുടെ കുഞ്ഞ് എന്തൊക്കെയോ പറയുന്നു. വെള്ളത്തിൽ കളിക്കുവാണ് ആശാട്ടി, കുറ്റം പറയാൻ പറ്റില്ല. രാവിലെ ഒറ്റയ്ക്ക് തീരത്ത് വന്നു നിൽക്കുന്ന എൻറെ മകൾ, വീട്ടിലിരുന്നു വെള്ളത്തിലെങ്കിലും കളിക്കണ്ടായോ! 

സംസാരം കഴിഞ്ഞു ഞാൻ ഫോൺ വെച്ചു. നടക്കുന്നതിനിടയിൽ കടൽപ്പുറത്ത് ചെറിയ കക്കകൾ പൊളിഞ്ഞ മണ്ണിനോട് ചേർന്ന് കിടക്കുന്നു കണ്ടു. ഞാൻ അതിനെ കൈയിലെടുത്തു നോക്കി, കൊച്ചു കൊച്ചു കക്കതരികൾ പൊടിഞ്ഞ് മണ്ണായി മാറുന്നു, കാണാൻ നല്ല ഭംഗിയുണ്ട്.

വെയിൽ ആയതുകൊണ്ട് തന്നെ നീണ്ടുകിടക്കുന്ന മണലിൽ നിന്ന് ഞാൻ തിരിച്ചു കയറി. ഇതിനിടയിൽ കുറച്ച് പടം പിടിച്ചു, കൊള്ളാം ചെറുതെങ്കിലും രസമുണ്ട് ബീച്ച് കാണാൻ. ഞാൻ മരത്തിന് അരികിലുള്ള കല്ല് വിരിച്ച പാതയിൽ കൂടി നടന്നു. നടത്തത്തിനിടയിൽ ജിനോയെ ഒന്ന് വിളിച്ചു, അവൻ ഓഫീസിലാണ്. പതിവുപോലെ ഓരോന്ന് സംസാരിച്ചു വൈകുന്നേരം കാണാമെന്ന് പറഞ്ഞു വെച്ചു. 

വെള്ളിയാഴ്ച രാവിലെ ഇങ്ങനെ ഫോൺ വിളിച്ചു നടക്കുന്നത് എനിക്ക് ഇഷ്ടമാണ്. മിസ്റ്റർ നായരാണ് അതിലൊരു സ്ഥിരം വേട്ടമൃഗം (കോളേജ് തൊട്ടുള്ള സുഹൃത്ത്).

നായർ എന്നുള്ളത് കോളേജ് കാലം തൊട്ടുള്ള അവന്റെ വിളിപ്പേരാണ്. കാര്യം അവന്റെ പേരിൽ നായർ ഉണ്ടെങ്കിലും, ഞങ്ങൾക്കത് ഷവർമ്മയിലെ ‘വർമ്മ’ പോലെയാണ്. അതല്ലാതെ ജാതിയുമായി യാതൊരു ബന്ധവുമില്ല അതിനെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അല്ലേലും ജാതിയൊരു മരം മാത്രം ആകണ്ടേ സമയമൊക്കെ കഴിഞ്ഞു.

നടന്നു നടന്നു ഞാൻ ബീച്ചിന്റെ അറ്റമെത്തി. അവിടെ കുട്ടികൾക്ക് കളിക്കാനുള്ള രണ്ടുമൂന്ന് സാധങ്ങളുണ്ട്. അതിനപ്പുറത്ത് റോഡിൽ ഒരു ചെറിയ ഹോട്ടലും സൂപ്പർമാർക്കറ്റുമുണ്ട്. ഈ ബീച്ച് അസ്രി കമ്പനിയുടെ കൂടെ ചേർന്ന് നിർമിച്ചവരുടെ പേരുകൾ ഉള്ള ഫലകങ്ങൾ കണ്ടു മരക്കൂട്ടത്തിന്റെ തുടക്കത്തിൽ, പക്ഷേ പേരുകൾ പലതും മാഞ്ഞുപോയി.

മുന്നോട്ടൊന്നുമില്ലാത്തത്ത് കൊണ്ട് ഞാൻ തിരികെ മരത്തണലിൽ വന്നിരുന്നു. കുറച്ചുസമയം ബീച്ചിനെ നോക്കിയിരുന്നു. മൈനകളെല്ലാം അവിടെ നിന്ന് പോയിരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ ആയി എത്തിയിട്ട്. നമ്മുക്കും പോകാമെന്ന് മനസ്സു പറഞ്ഞു. നടന്നു ചെന്ന് ഞാൻ വണ്ടിയെടുത്തു. നേരെവിട്ടു പ്രവാസ ജീവിതത്തിലെ എന്റേതല്ലാത്ത എൻറെ വീട്ടിലോട്ട്.

ശുഭം!

Read more...