ജോർജ്ജിയ, ഭാഗം 2 : പഴമയും പുതുമയും വീഞ്ഞ് നുകരുന്നയിടം

ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാനാ ഹോസ്റ്റലിൻ്റെ വാതുക്കൽ വന്നുനിന്നു. പച്ചയും ചുമപ്പും മഞ്ഞയും തുടങ്ങി പല നിറങ്ങൾ നിറഞ്ഞുനിന്ന വാതിൽ അടഞ്ഞു കിടന്നിരുന്നു. ഞാൻ അലക്സിനെ വിളിച്ചു, ഞാൻ ഹോസ്റ്റലിൽ വാതിൽക്കൽ ഉണ്ടെന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞു കയറി വരൂ വാതിൽ പൂട്ടിയിട്ടില്ലെന്ന്.

ഞാൻ വാതിൽ പതിയെ തള്ളിത്തുറന്നു. ഇന്‍സ്റ്റഗ്രാമിലെ സൗന്ദര്യാത്മകത നിറഞ്ഞ റീലുകൾ കാണുന്നത് പോലെ ഭംഗിനിറഞ്ഞ ഒരു അകത്തിടം. അകത്തു കയറി വാതിൽ അടച്ചപ്പോൾ, അവിടെ ആരുമില്ല. വാതിലിന്റെ പുറകിൽ ഒരു ചാർലി ചാപ്ലിന്റെ പെയിൻറിംഗ് ഉണ്ടായിരുന്നു, അതിനോട് ചേർന്ന് വലിയൊരു ഷൂറാക്കും, തൊട്ട് അപ്പുറത്ത് മുകളിലോട്ട് പോകാനുള്ള കോണിപ്പടിയും, അവയുടെ മുന്നിലായി ചെറിയൊരു ലീവിങ് സ്പേസം. പല നിറത്തിലുള്ള ചുറ്റുമുള്ള ചുമരുകളിൽ കഴിവുള്ള ഏതോ കലാകാരന്റെ നിറങ്ങൾ പൂക്കളായും ചെടികളായും ഭൂമിയായും അവിടെ നിറഞ്ഞ് നിന്നു.

വെബ്സൈറ്റിൽ കണ്ടതുപോലെ തന്നെ ഹോസ്റ്റൽ മനോഹരമായിരുന്നു. പെട്ടന്ന് അലക്സ് അങ്ങോട്ട് കടന്നുവന്നു, ചിരിച്ചുകൊണ്ട് അയാൾ എന്നെ സ്വാഗതം ചെയ്തു. നീണ്ട മെലിഞ്ഞ ചെമ്പൻ മുടിയുള്ള വെളുത്ത ഒരു ഉക്രൈൻകാരനാണ് അലക്സ്, സൗമ്യൻ.

അലക്സ് എനിക്ക് ഹോസ്റ്റലിലെ കാര്യങ്ങൾ പറഞ്ഞു തന്നു. പ്രധാന വാതിൽ അടയ്ക്കാറില്ല, ഇത് പല ദേശത്തിലുള്ള ആളുകൾ വന്നു പോകുന്ന സ്ഥലമാണ്. ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന യാത്രികർ. അവർ പലരും പല സമയങ്ങളിൽ വരും പോകും, അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി ഈ ചാർലി ചാപ്ലിൻ സദാ ഉണർന്നിരിക്കും.

ഹോസ്റ്റൽ ആയതുകൊണ്ട് തന്നെ അടുക്കളയും, തുണി അലക്കാനും വിരിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. മനോഹരമായ കാഴ്ചകൾ തരുന്ന ചെറിയൊരു ബാൽക്കണിയും ലിവിങ്ങ് സ്പേസിനോട് ചേർന്നുണ്ട്. രാത്രി 11 കഴിഞ്ഞാൽ മുറികളിലെ ലൈറ്റ് ഓഫ് ആക്കണം, എന്ത് ആവശ്യത്തിനും അവനെ വിളിക്കാം, അങ്ങനെ പലതും പറഞ്ഞുതന്നു അലക്സ്.

പിന്നീട് അവൻ മുകളിലെ നിലയിലുള്ള എൻറെ ഡോർമെട്രി കാണിച്ചു തന്നു. ആറ് കട്ടിലിലായി പന്ത്രണ്ട് പേർക്ക് താമസിക്കാൻ പറ്റുന്ന ഒരു ഡോർമെറ്ററി ആയിരുന്നു അത്, വൃത്തിയും ഭംഗിയുമുണ്ട് അതിന്. കട്ടിലുകളെല്ലാം തുണികൊണ്ട് മറച്ചിട്ടുണ്ടായിരുന്നു. രണ്ട് കട്ടിലുള്ളതിൽ മുകളിലത്തേതായിരുന്നു എന്റേത്, എല്ലാർക്കും ലോക്കറുമുണ്ട്, കൊള്ളാം സൗകര്യങ്ങൾ എനിക്കിഷ്ടമായി.

വൈകുന്നേരം പുറത്തു പോകേണ്ടതു കൊണ്ട് തന്നെ, പച്ച ടൈൽ വിരിച്ച മനോഹരമായ കുളിമുറിയിൽ കുളികഴിഞ്ഞ്, ഞാൻ പെട്ടെന്ന് തന്നെ ഹോസ്റ്റലിൽ നിന്നിറങ്ങി.

വൈകുന്നേരത്തെ ആഹാരം കഴിച്ചിട്ടാകാം കറക്കമെന്ന് തീരുമാനിച്ചുകൊണ്ട്, അലക്സിനോട് ചോദിച്ചു രണ്ട് ഹോട്ടലുകൾ ഞാൻ മനസ്സിലാക്കി. ഒന്ന് തായ് റസ്റ്റോറന്റും മറ്റേത് ജോർജ്ജിയനുമായിരുന്നു അവൻ പറഞ്ഞു തന്നത്. തായ് ഭക്ഷണം എനിക്ക് അത്ര താൽപര്യമില്ലായിരുന്നു, അതുകൊണ്ടുതന്നെ ഞാൻ ജോർജ്ജിയൻ ഭക്ഷണം കഴിക്കാമെന്ന് കരുതി.

ഗൂഗിൾ മാപ്പിൽ ഹോട്ടലിൻ്റെ ലൊക്കേഷൻ നോക്കി ഞാൻ യാത്ര തുടങ്ങി. ജോർജ്ജിയയെന്ന മനോഹരരാജ്യത്തിലെ എൻറെ ആദ്യത്തെ വൈകുന്നേരം, സന്തോഷം തോന്നിയെനിക്ക്. കല്ലുവിരിച്ച് ചെറിയ വഴികളും, പഴമയും പുതുമയും നിറഞ്ഞ ഭംഗിയുള്ള കെട്ടിടങ്ങളും, അതിൽ പലയിടത്തും നിറഞ്ഞ പച്ചപ്പും എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എനിക്ക് സ്വാഗതം പറഞ്ഞു.

ഞാൻ ലക്ഷ്യത്തിലേക്ക് നടന്നു, ഏകദേശം പത്ത് മിനിറ്റ് നടന്നതിനു ശേഷം, ഞാൻ ഹോട്ടലിന്റെ മുൻപിൽ എത്തി. ചെറുതാണെങ്കിലും മഞ്ഞവെളിച്ചം കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഹോട്ടൽ, ഒന്നുടെ നോക്കിയപ്പോളാണ് എനിക്ക് മനസ്സിലായത് മാപ്പിലിട്ടിരുന്ന ലൊക്കേഷൻ മാറിപ്പോയി, എത്തിച്ചേർന്നത് തായ് റസ്റ്റോറന്റിലാണ്. ആദ്യത്തെ വൈകുന്നേരം തന്നെ പാളിച്ചകൾ ആണല്ലോ എന്ന് ഞാൻ സ്വയം പറഞ്ഞു, പക്ഷേ തളരുത് രാമൻകുട്ടി എന്ന് പറഞ്ഞു കൊണ്ട് ജോർജ്ജിയൻ റസ്റ്റോറന്റിലേക്ക് വീണ്ടും നടന്നു ഞാൻ.

കല്ലുവിരിച്ച റോഡിന്റ വശങ്ങളിലുള്ള നടപ്പാതയിലൂടെ ഞാൻ നടന്നു ചെന്നത് ഒരു തെരുവിലാണ്. ഇരുവശവും നിറയെ ഭക്ഷണശാലകൾ ഉള്ള മഞ്ഞയും കറുപ്പും അണിഞ്ഞു നിൽക്കുന്ന സുന്ദര സ്ഥലം. ആ തെരുവിൽ ആളുകൾ നിറഞ്ഞു കവിഞ്ഞ് നടക്കുന്നുണ്ടായിരുന്നു, അതിൽ നിറയെ ഭംഗിയുള്ള മനുഷ്യർ, അവർക്കിടയിലൂടെ സന്തോഷം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നത് പോലെ എനിക്ക് തോന്നി.

സായംസന്ധ്യ ആകാറായത് കൊണ്ട് ആഘോഷമയമാണ് എല്ലായിടവും. ചുറ്റും സംഗീതവും കലപില ശബ്ദങ്ങളും നിറഞ്ഞുനിന്നു അവിടെ. അതിൽ അലക്സ് പറഞ്ഞ ഭക്ഷണശാല ഞാൻ കണ്ടെത്തി, “ബർണാഡ്” അതായിരുന്നു അതിന്റെ പേര്.

ഞാൻ അതിലോട്ട് കയറാൻ നോക്കിയപ്പോൾ, വാതുക്കൽ വലിയൊരു നായ കിടക്കുന്നു. കണ്ടിട്ട് ഭീമാകാരൻ ആണെങ്കിലും അത് ശാന്തമായി ഉറങ്ങുവാണ്. അതിനു ചുറ്റും ആളുകൾ ഉണ്ട്, ഞാൻ തെല്ലു ഭയത്തോടെ വശം ചേർന്ന് ഹോട്ടലിന്റെ ഉള്ളിലേക്ക് കയറി.

നല്ല തിരക്കുണ്ട്, കറുപ്പണിഞ്ഞ വെയിറ്റേഴ്‌സ് ഓടിനടക്കുന്നു ചുറ്റിലും. ഞാൻ ഒഴിഞ്ഞൊരു സീറ്റ് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് ഒരു വെയ്റ്റർ വന്നു. തന്ന മെനുവിൽക്കൂടെ ഞാനൊന്ന് കണ്ണോടിച്ചിട്ട് ഖിങ്കാലി ഓർഡർ ചെയ്തു.

ജോര്‍ജ്ജിയയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിലൊന്നാണ് ഖിങ്കാലി, മലനിരകളുടെ ആത്മാവ് നിറച്ചൊരു ഭക്ഷണം. നമ്മുടെ നാട്ടിലെ മോമോസ് പോലെയിരിക്കുമത്. പച്ചക്കറിയോ ഇറച്ചിയോ, സൂപ്പ് പരുവത്തിൽ മാവിനുള്ളിൽ പൊതിഞ്ഞ് വേവിച്ചെടുക്കുന്ന ആഹാരമാണിത്. അതുകൂടാതെ അവിടെ ബിയറും, വൈനും, ചാച്ചാ എന്ന ജോർജ്ജിയൻ വാറ്റും കിട്ടും. ഞാൻ ചുറ്റും നോക്കി, വിദേശികളും സ്വദേശികരും ഭക്ഷണം ആസ്വദിക്കുന്നു.

കുറച്ചുകഴിഞ്ഞ് ഖിങ്കാലി വെയിറ്റർ കൊണ്ട് തന്നു, അഞ്ചണ്ണം ഉണ്ടായിരുന്നു ഒരു പ്ലേറ്റിൽ. അത് കിട്ടിയപ്പോൾ ഞാൻ ഒന്നെടുത്ത് കത്തികൊണ്ട് മുറിച്ച് കഴിക്കാൻ ശ്രമിച്ചു. അപ്പോൾ പാത്രത്തിലോട്ട് അതിനുള്ളിലെ സൂപ്പ് ഒഴുകിയിറങ്ങി. ഇത് കണ്ട് എനിക്കിത് കഴിക്കാൻ അറിയില്ലയെന്ന് മനസ്സിലാക്കിയ ഒരു വെയ്റ്റർ എൻറെ അരികിൽ വന്നു പറഞ്ഞു, “അത് കയ്യിൽ എടുത്ത്, ചെറുതായി കടിച്ചിട്ട് അതിലെ സൂപ്പ് കുടിക്കണം ആദ്യം, എന്നിട്ട് വേണം ബാക്കി കഴിക്കാൻ”. അപ്പോഴാണ് അതിനകത്ത് സൂപ്പുണ്ടന്നും, അത് എങ്ങനെയാണ് കഴിക്കേണ്ടതെന്നും എനിക്ക് മനസ്സിലായത്. യാത്രകൾ നമ്മളെ പുതിയ പല കാര്യങ്ങളും പഠിപ്പിക്കുമെന്ന് മനസ്സ് മന്ത്രിച്ചു അപ്പോൾ.

ആഹാരത്തിന് ശേഷം ഞാൻ അവിടെ നിന്നിറങ്ങി. അടുത്ത ലക്ഷ്യം അവൽബാരി സ്ക്വയർ ആയിരുന്നു. നാളെ അവിടുന്നാണ് എന്റെ കസ്ബെഗി യാത്ര ആരംഭിക്കുന്നത്. ഗൂഗിൾ മാപ്പിൽ ലൊക്കേഷനിട്ടു ഞാൻ നടപ്പ് തുടർന്നു. മുന്നോട്ട് നടക്കും വഴി ദൂരെ മലമുകളിൽ ‘മദർ ഓഫ് ജോർജിയ’ എന്ന വിഖ്യാത പ്രതിമ കാണാം. ഒരു കൈയിൽ വാളും മറുകൈയിൽ വീഞ്ഞ് പാത്രവുമായി നിൽക്കുന്ന ജോർജ്ജിയയുടെ കാവൽ ദേവത.

അപ്പോഴേക്കും സമയം 9 കഴിഞ്ഞിരുന്നു, ജോര്‍ജ്ജിയയിലെ തെരുവുകൾ പ്രകാശപൂരിതമാണ്. ഞാൻ വീണ്ടും മുന്നോട്ട് നടന്നു, കല്ലുവിരിച്ച റോഡിൻറെ ഒരു വശം മുഴുവൻ മഞ്ഞപ്രകാശത്തിൽ കൊച്ചുകൊച്ചു കടകൾ. പ്രാദേശികരായ കച്ചവടക്കാരാണ്, പലതരത്തിലുള്ള പാവകളും കരകൗശല വസ്തുക്കളും കമ്മലുകളും ഒക്കെ വില്പനയ്ക്ക് ഉണ്ടവിടെ. പല നാട്ടിൽ നിന്ന് വന്നവർ അവ കാണുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഈ വഴികളിൽ എല്ലായിടവും ഈ രാജ്യം സന്ദർശിക്കാൻ വന്ന ടൂറിസ്റ്റുകൾ ആണ്. ഏകദേശം അൻപത് ലക്ഷത്തിൽ അധികം ആളുകൾ ഒരു വർഷം ഇവിടം സന്ദർശിക്കുന്നുണ്ട്. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് ടൂറിസം.

എല്ലാം കണ്ടാസ്വദിച്ച് ഞാൻ പതിയെ ലക്ഷ്യത്തിലേക്ക് നടന്നു. നടക്കും വഴി ഇഷ്ടം പോലെ വീഞ്ഞ് കടകൾ കണ്ടു, 8000 വർഷങ്ങൾക്കു മുൻപ് മുതൽ ഇവിടെ വീഞ്ഞ് ഉത്പാദിപ്പിക്കുന്നുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായി വീഞ്ഞ് നിർമിച്ചിരുന്ന സ്ഥലങ്ങൾ ജോർജ്ജിയയിലാണ്.

പോകുംവഴി കുറാ നദിക്ക് കുറുകെയുള്ള മെറ്റീഖി പാലവും ഹൈ ഫൈ രാജാവിനെയും ( ആ കഥ പുറകെ പറയാം) കടന്ന് ഞാൻ മുന്നോട്ട് നീങ്ങി. ഒടുവിൽ ചെറിയ ആ കുന്നുകയറി ഞാൻ അവൽബാരി സ്‌ക്വയറിലെത്തി, ഈ സ്‌ക്വയറിനോട് ചേർന്നാണ് അവൽബാരി മെട്രോ സ്റ്റേഷൻ.

അതിനു മുൻപിലുള്ള സുന്ദരമായ വാട്ടർ ഫൗണ്ടൈന്റെ പടിക്കെട്ടിൽ ഞാൻ കുറച്ചു സമയം വെറുതെയിരുന്ന്, ചുറ്റുപാടിലേക്ക് കണ്ണോടിച്ചു. വിദ്യാർഥികളടക്കം പലരും അവിടെയിരിപ്പുണ്ട്. ഇരുണ്ട ആകാശത്തിന് കീഴെ മഞ്ഞവെളിച്ചങ്ങളുടെ ശാന്തത ആസ്വദിക്കുന്നവർ, എങ്ങോട്ടൊക്കെയോ യാത്ര ചെയ്യുന്നവർ, പരസ്പരം കഥ പറയുന്നവർ, കഥകൾക്കിടയിൽ പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നവർ, അങ്ങനെ പലരെയും ഞാൻ കണ്ടു. അവരിൽ പലരുടെയും മുഖത്ത് പ്രകാശമുള്ളത് പോലെ തോന്നിയെനിക്ക്. സ്‌ക്രീനുകളുടെ നീലവെളിച്ചങ്ങളുടെ ഇടയിൽ മനുഷ്യരെ കൂടുതൽ കാണണ്ടേ ആവശ്യം ഈ ലോകത്ത് കൂടി വരുന്നത് പോലെ തോന്നാറുണ്ട് എനിക്ക്. അവരുടെ പ്രകാശവും പുഞ്ചിരികളും നമ്മളിലേക്ക് പടരട്ടെ അതുവഴി.

ഈ വൈകുന്നേരെത്തെ എന്റെ യാത്ര അവസാനിച്ചു. എൻറെ ഹോസ്റ്റലിൽ നിന്ന് ഇങ്ങോട്ടുള്ള വഴിയും കൂടാതെ ഈ നഗരത്തിന്റെ ഏകദേശ രൂപവും മനസ്സിലാക്കുക എന്നുള്ളതായിരുന്നു ഈ വൈകുന്നേരനടപ്പിന്റെ പ്രധാന ലക്ഷ്യം. നഗരത്തെ കൂടുതൽ അറിയുന്നത് വരും ദിവസങ്ങളിലെ യാത്രകൾക്ക് നമ്മെ സഹായിക്കും.

റ്റ്ബിലിസി എന്ന നഗരം സ്ഥിതി ചെയ്യുന്നത് കൂറാ (Kura River) നദിക്കിരുവശമാണ്. ടർക്കിയിലെ മൗണ്ട് കിസിൽഗിയാദ് (Mount Kızılgedik) പർവതനിരകളിൽ ആരംഭിച്ച് ജോർജിയയും അസർബൈജാനും കടന്ന് കാസ്പിയൻ കടലിലേക്കാണ് കൂറാ നദി യാത്ര ചെയ്യുന്നത്, ഏകദേശം 1,364 കിലോമീറ്റർ നീളമുള്ള ഒരു നീണ്ടയാത്ര.

ഈ നദിയാണ് ഈ നഗരത്തെ വളർത്തിയത്, ഇതിന്റെ ഇരു കരയിലും നഗരത്തിന്റെ പഴമയും പുതുമയും കൈ കോർത്ത് നിൽക്കുന്നത് നിങ്ങൾക്ക് കാണാം. ഇതിന് ചുറ്റുമുള്ള ചെറിയ കുന്നുകളിലും മലനിരകളിലും നിങ്ങൾക്ക് ഇടുങ്ങിയ തെരുവുകളും, വർണ്ണശബളമായ വീടുകളും, കഴിഞ്ഞ കാലത്തിന്റെ കോട്ടകളും, വിശുദ്ധിയുടെ പള്ളികളും കാണാം. അതിലുപരി നല്ല സൗഹൃദത്തിന് ഉടമകളായ മനുഷ്യരെ ഈ നഗരത്തിൽ ഉടനീളം നിങ്ങൾ കണ്ട് മുട്ടും.

നടപ്പ് കഴിഞ്ഞു ഞാൻ ഹോസ്റ്റലിൽ തിരിച്ചെത്തി, അഞ്ച് ദിവസങ്ങൾ ഉണ്ടായിരുന്ന ജോർജ്ജിയ യാത്രയുടെ ഒന്നാം ദിവസം ഇവിടെ അവസാനിച്ചിരിക്കുന്നു. ഇന്നത്തെ യാത്രയുടെ ക്ഷീണത്തിലും, നാളത്തെ കസ്ബെഗി യാത്രയുടെ ആവേശത്തിലും ഞാൻ സുഖമായി കിടന്നുറങ്ങി.

( തുടരും )

Read more...