
യാത്രകൾ എന്നുമെന്നെ ഭ്രമിപ്പിച്ചിരുന്നു. എങ്ങനെയാണ് യാത്രകളോടുള്ള ഇഷ്ടം മനസ്സിൽ കയറിക്കൂടിയതെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ ഞാൻ അവയെ ചെറുപ്പം മുതൽ സ്നേഹിച്ചു കൊണ്ടേയിരുന്നു.
സ്കൂൾ ടൂർ തൊട്ട് തുടങ്ങിയ യാത്രകൾ വളർന്നത് കോളേജ് കാലഘട്ടത്തിലാണ്. കൂട്ടുകാരോടൊപ്പമുള്ള ചെറുതും വലുതുമായ സുന്ദര യാത്രകൾ. ആ യാത്രകളുടെ ഏറ്റവും മനോഹരമായ കാര്യം എന്തെന്നാൽ അവ അവശേഷിപ്പിക്കുന്ന ഓർമ്മകളായിരുന്നു. ആ ഓർമ്മകളുടെ തണുപ്പാണ്, വീണ്ടും വീണ്ടും യാത്ര ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നത്.
ആ ഓർമ്മകളുടെ കൂട്ടത്തിലേക്ക് മറ്റൊരു യാത്രയും കൂടി ഇപ്പോൾ സംഭവിച്ചിരിക്കുന്നു. ജോർജ്ജിയ, മലനിരകളുടെയും വീഞ്ഞിന്റെയും ആതിഥ്യമര്യാദയുടെയും നാടായ ജോർജ്ജിയ.
രേഷ്മയുടെ കൂടെ പോകാൻ കുറച്ചുനാൾ മുൻപ് ശ്രമിച്ചെങ്കിലും, പലവിധ സാഹചര്യങ്ങൾ കൊണ്ട് നടന്നില്ല. പിന്നീട് ഈ അടുത്തൊരു രാത്രി ബഹ്‌റൈൻ്റെ ഹൈവേകൾ കൂടിയുള്ള നീണ്ട യാത്രയിൽ, ജിനോയോട് പലതും പറഞ്ഞ കൂട്ടത്തിൽ യാത്രകളും കടന്നു വന്നു.
എവിടെയെങ്കിലും യാത്ര പോകണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവനാണ് തിരിച്ചു ചോദിച്ചത്, “ഇപ്പോൾ പോകരുതോ? പെരുന്നാളിന്റെ അവധിയല്ലേ വരുന്നതെന്ന്!.”
കുറച്ചു വർഷങ്ങൾക്കു മുമ്പ് ആനന്ദേട്ടനും ഷെറിൻ ചേട്ടനും ഒപ്പം ഈജിപ്തിലേക്ക് യാത്ര പോകാൻ മടിച്ചു നിന്ന് അവനോട് ഞാനാണ് പറഞ്ഞത് “പോയിട്ട് വരാൻ”. അതുപോലെ അവനും ഇപ്പോൾ എന്നോട് പറയുന്നു, “പോയിട്ട് വരാൻ”. മഞ്ഞ വെളിച്ചങ്ങളുടെ ഹൈവേയിൽ ഒരു നിമിഷം അവൻ ബുദ്ധനായി. പരസ്പരം വെളിച്ചം പകരുക എന്നുള്ളതാണ് മനുഷ്യരുടെ നിയോഗമെന്ന് തോന്നുന്നു.
അന്നേരം തന്നെ ഞാൻ തീരുമാനിച്ചു എവിടെയെങ്കിലും പോകാമെന്ന്. ജോർജ്ജിയ അല്ലെങ്കിൽ തുർക്കി അതായിരുന്നു മനസ്സിൽ. ചിലപ്പോളൊക്കെ തീരുമാനം എടുത്ത് കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ എളുപ്പമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
പിറ്റേന്ന് തന്നെ എവിടെ പോകണമെന്ന് അന്വേഷണം ആരംഭിച്ചു. ആനന്ദേട്ടൻ തുടങ്ങി ചാറ്റ് ജിപ്പിറ്റിയോട് വരെ ചോദിച്ചു എവിടെയൊക്കെ പോകാമെന്ന്. വ്യക്തിപരമായി അറിയാവുന്നതിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് ആനന്ദേട്ടനാണ്. തുർക്കിയിൽ ഏതോ ആഭ്യന്തര പ്രശ്നം നടക്കുന്നതു കൊണ്ടും, എളുപ്പം പോകാൻ പറ്റുന്നത് ജോർജ്ജിയ ആയതുകൊണ്ടും ജോർജ്ജിയയിൽ തന്നെ പോകാൻ ഞാൻ തീരുമാനിച്ചു.
ബഹ്‌റൈൻ റസിഡൻഷ്യൽ പെർമിറ്റ് ഉള്ളതുകൊണ്ട് ജോർജ്ജിയയിൽ ഓൺ അറൈവൽ വിസ (On Arrival Visa) കിട്ടുകയും ചെയ്യും. പിന്നെ ആദ്യത്തെ ഇൻറർനാഷണൽ യാത്രയല്ലേ ഒരു യൂറോപ്യൻ രാജ്യം തന്നെ ആയിക്കോട്ടെന്ന് കരുതി.
യാത്ര ആസൂത്രണം ചെയ്യാൻ കൂടുതലും സഹായിച്ചത് ആനന്ദേട്ടൻ ആയിരുന്നു. പുള്ളി അവിടെ നേരത്തെ പോയിട്ടുള്ളത് കൊണ്ട് തന്നെ കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമായിരുന്നു. ആദ്യം വിമാനടിക്കറ്റ് എടുക്കുക, ബാക്കി കാര്യങ്ങൾ പിന്നീട് നോക്കാമെന്നുള്ള പുള്ളിയുടെ ഉപദേശം ഞാൻ സ്വീകരിച്ചു.
ജൂൺ ആറാം തീയതി മുതൽ എട്ടാം തീയതിവരെ ഇവിടെ വലിയ പെരുന്നാളിൻ്റെ അവധിയാണ്. വാരാന്ത്യ അവധി ദിവസം പൊതുഅവധി വന്നാൽ അടുത്ത ദിവസങ്ങൾ കൂടെ അവധിയായിരിക്കും ഇവിടെ ( എന്ത് മനോഹരമായ ആചാരം അല്ലേ ?! ). അത് കൊണ്ട് തന്നെ ജൂൺ ആറാം തീയതി മുതൽ പത്താം തീയതി വരെ എനിക്ക് പെരുന്നാളിൻ്റെ അവധി കിട്ടും. ഒരു ദിവസം കാഷ്വൽ ലീവ് കൂടെ എടുത്ത് പതിനൊന്നാം തീയതി മടങ്ങി വരുന്ന രീതിയിൽ ടിക്കറ്റ് എടുക്കാമെന്ന് ഞാൻ തീരുമാനിച്ചു.
അങ്ങനെ ഏകദേശം ഒരു മാസം മുൻപ് റ്റ്ബിലിസിയിലോട്ടുള്ള എയർ അറേബ്യയുടെ ഫ്ലൈറ്റ് ഞാൻ ബുക്ക് ചെയ്തു. ജൂൺ ആറിന് ബഹ്റൈനിൽ നിന്ന് ഷാർജ വഴി റ്റ്ബിലിസിയിലോട്ടും, തിരിച്ച് ജൂൺ പതിനൊന്നിന് അബുദാബി വഴി ബഹ്‌റൈനിലോട്ടുമാണ് ഞാൻ ബുക്ക് ചെയ്തത്. ജോർജ്ജിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് റ്റ്ബിലിസി. ഏകദേശം നാല് മില്യൺ ജനങ്ങളുള്ള ജോർജ്ജിയയുടെ മൂന്നിൽ ഒന്നിൽ കൂടുതൽ ആളുകളും താമസിക്കുന്നത് റ്റ്ബിലിസിയിലാണ്.
ടൂർ പാക്കേജുകാരുടെ സംഘത്തിൽ ഒറ്റയാനായി യാത്ര ചെയ്യാൻ ചിലവ് കൂടുതലാണ്, ഏറ്റവും കുറഞ്ഞത് രണ്ടുപേരെങ്കിലും വേണം ചെലവുകൾ കുറയാൻ. അതുകൊണ്ടുതന്നെ അവരെ ഒഴിവാക്കി തനിയെ പോകാമെന്ന് തീരുമാനിച്ചു.
എവിടെപ്പോയാലും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. അതുകൊണ്ട് നേരത്തെ കാര്യങ്ങളെല്ലാം തയ്യാറാക്കാൻ തുടങ്ങി.
ജോർജ്ജിയയെക്കുറിച്ച് ഏകദേശം കാര്യങ്ങളും പോകണ്ടേ സ്ഥലങ്ങളും ഞാൻ മനസിലാക്കി. യൂറോപ്പിന്റെയും ഏഷ്യയുടെയും ഇടയ്ക്കുള്ള കുന്നും താഴ്‌വരകളും നിറഞ്ഞ മനോഹരമായ ഭൂമി, അതാണ് ജോർജ്ജിയ (Georgia). അവിടെ പ്രധാനമായും ഞാൻ കാണാൻ തീരുമാനിച്ചത് പഴമയും പുതുമയും ചേർന്ന് നമ്മെ മോഹിപ്പിക്കുന്ന റ്റ്ബിലിസി (Tbilisi) നഗരവും, വടക്കൻ ജോർജ്ജിയയിലെ വിസ്മയിപ്പിക്കുന്ന മലനിരകളായ കസ്ബഗിയും (Kazbegi) ഗുദൗരിയും (Gudauri), കിഴക്കൻ ജോർജ്ജിയയിലെ ഗോരി (Gori), പുരാതന നഗരവുമായ മത്സ്ഖെത (Mtskheta), എന്നിവിടങ്ങളിലെ കാഴ്ചകളുമാണ്. കൂടാതെ അവിടുത്തെ മുന്തിരിത്തോപ്പുകളും വീഞ്ഞ് ഫാക്ടറികളും നിറഞ്ഞ കാഖേറ്റിയെന്ന (Kakheti) വൈനിന്റെ ജന്മനാടും.
കാണാനുള്ള സ്ഥലങ്ങൾ തീരുമാനിച്ച ശേഷം, അവിടെ പോകാനുള്ള വൺഡേ ടൂറുകളും, താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യവും ഞാൻ ബുക്കിംഗ് ഡോട്ട് കോമിൽ (booking.com) കൂടി എടുത്തു. എല്ലാ യാത്രകളും റ്റ്ബിലിസിൽ നിന്നും തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നതാണ് ഞാൻ തെരഞ്ഞെടുത്തത്. കൂടാതെ അവിടെ ചെന്ന് ഉപയോഗിക്കാനുള്ള ഈ സിമ്മും ഞാൻ മേടിച്ചു.
അവിടുത്തെ യാത്രകൾക്ക് കുറച്ച് ക്യാഷും കൈയ്യിൽ കരുതണമെന്ന് പലരും എന്നോട് പറഞ്ഞിരുന്നതുകൊണ്ട്, ജോർജ്ജിയൻ ലാരിയും ഞാൻ പറഞ്ഞു വെച്ചിരുന്നു.
ജിസിസി റസിഡൻഷ്യൽ വിസയും ഒപ്പം അവിടെ പോകണമെങ്കിൽ ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണ്. അങ്ങനെ വേണ്ടതെല്ലാം തയ്യാറാക്കി ഞാൻ ആ ദിവസത്തിനായി കാത്തിരുന്നു.
6 ജൂൺ 2025
രാവിലെ ജിനോ വന്നു എയർപോർട്ടിൽ കൊണ്ടുവിടാൻ. കൂടെ ആനന്ദേട്ടനും മാത്യുഭായിയും ഉണ്ടായിരുന്നു.
രാവിലെ 8:55 ആയിരുന്നു ഫ്ലൈറ്റ്, ഏഴു മണി കഴിഞ്ഞപ്പോൾ തന്നെ ഞാൻ ചെക് ഇൻ ചെയ്തു. ബഹ്റിന്റെ ലളിതസുന്ദരമായ എയർപോർട്ടിൽ ചെക് ഇൻ ചെയ്യുന്ന സ്ഥലം വരെ എല്ലാവർക്കും കയറി വരാം. അതുകൊണ്ടുതന്നെ അവരും കൂടെയുണ്ടായിരുന്നു. ബോർഡിങ് പാസ് കിട്ടിയതിനുശേഷം കുറച്ചുനേരം അവരോട് ഞാൻ സംസാരിച്ചു നിന്നു. അതിനു ശേഷം ജിനോയോടും അവരോടും യാത്ര പറഞ്ഞ് എമ്മിഗ്രേഷലേക്ക് നടന്നു ഞാൻ. എയർപോർട്ടിലാണ് ഏറ്റവും മനോഹരമായ യാത്രപറച്ചിലുകൾ സംഭവിക്കുന്നതെന്ന് എനിക്ക് പല യാത്രകളിലും തോന്നിയിട്ടുണ്ട്.
നേരെ എമിഗ്രേഷൻ, അതിനുശേഷം സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ബോർഡിങ് ഗേറ്റിലേക്ക്. ഇന്ത്യയിലെ എയർപോർട്ട് സുരക്ഷാ പരിശോധനകൾവെച്ച് നോക്കുമ്പോൾ ഇവിടുത്തെ സുരക്ഷാ പരിശോധനകൾ കുറച്ചുകൂടെ ലളിതവും സൗഹൃദപരവുമാണ്.
ഇടയ്ക്ക് പോയി രാവിലത്തെ ആഹാരം കഴിച്ച് വീണ്ടും ഞാൻ ഗേറ്റിൽ തിരിച്ചു വന്നു. ഫ്ലൈറ്റ് ഇരുപത് മിനിറ്റ് വൈകുമെന്ന് സ്ക്രീനിൽ കാണിക്കുന്നുണ്ട്. ഈ സമയത്ത് പ്രിയപ്പെട്ടവരെ ഒക്കെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു ഞാൻ. നമ്മളെക്കുറിച്ച് നമ്മളെക്കാൾ ആകുലതയോടെയാണ്, അമ്മ അടക്കമുള്ളവർ നമ്മുടെ വിളിക്കായി കാത്തിരിക്കുന്നത്. ശേഷം, ഇനിയുള്ള ദിവസങ്ങളെക്കുറിച്ച് മനോഹരമായി ഓർത്ത്, ഞാൻ നീണ്ട ചാരുകസേര പോലെയുള്ള ഇരുപ്പിടത്തിൽ നിവർന്ന് കിടന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം വിമാനത്തിൽ കയറാനുള്ള വിളി വന്നു. പരിശോധനകൾ എല്ലാം കഴിഞ്ഞ് ഞാൻ വിമാനത്തിൽ കയറിയിരുന്നു, ജനലരികിലായിരുന്നു എൻറെ സീറ്റ്. എല്ലാ സീറ്റിലും ചുമന്ന തുണിയിൽ “ഈദ് മുബാറക്” എന്നെഴുതിയ സീറ്റുകൾ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
ഇടയ്ക്ക് പാട്ട് കേട്ടും, കുറച്ചുറങ്ങിയും സമയം മുന്നോട്ട് പോയി, ഒരു മണിക്കൂറിൽ വിമാനം ഷാർജയിലെത്തി. അവിടുത്തെ കാത്തിരിപ്പ് മൂന്ന് മണിക്കൂറായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വിമാനത്തിൽ നിന്ന് വളരെ സാവകാശമാണ് നടന്നിറങ്ങിയത്.
ഷാർജ എയർപോർട്ടിൽ നല്ല തിരക്കുണ്ടായിരുന്നു, പഴയ ഒരു എയർപോർട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ലോകത്തിന്റെ പല ഭാഗത്തോട്ടുമുള്ള ആളുകൾ അവർക്ക് പോകാനുള്ള വിമാനവും കാത്ത് പലയിടത്തും നിൽക്കുകയും ഇരിക്കുകയും തിരക്ക് കൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് സമയം ഏറെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വളരെ സാവകാശം ഇതെല്ലാം കണ്ടും കേട്ടും നടന്നു നീങ്ങി.
എൻറെ വിമാനത്തിന്റെ ഗേറ്റ് കണ്ടുപിടിച്ചതിനു ശേഷം ഞാൻ പോയി ഒരു ബിരിയാണി കഴിച്ചു, വല്യ തരക്കേടില്ലായിരുന്നു ആഹാരം. അതിനുശേഷം ഞാൻ വീണ്ടും ഗേറ്റിൽ പോയിരുന്നു. അങ്ങോട്ട് പോകുന്ന പല മലയാളികളെയും മറ്റു രാജ്യക്കാരെയും ഞാൻ കണ്ടു. കൂട്ടമായി പോകുന്നവരും കുടുംബമായി പോകുന്നവരും പലവിധ കാര്യങ്ങൾ പരസ്പരം പറയുന്നുണ്ടായിരുന്നു, അവരുടെയെല്ലാം ഇടയിൽ ഏകാകിയായ ഒരു നാടോടിയെ പോലെ ഞാനിരുന്നു.
നീണ്ട കാത്തിരിപ്പിനുശേഷം വിമാനത്തിൽ കയറി. ആഹാരം കഴിച്ചത് കൊണ്ടും, വേറെ പരിപാടിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ കുറച്ചുനേരം കിടന്നുറങ്ങി. ഉറക്കം ഉണർന്നപ്പോൾ ഒരു അറബിക് കറക് ചായ ഞാൻ ഓർഡർ ചെയ്തു. വളരെ നല്ലതായിരുന്നു, ആ ഒരു ഉന്മേഷത്തിൽ ഞാൻ ജനാലയുടെ പുറത്തോട്ട് നോക്കിയിരുന്നു.
ജനാലയുടെ പുറകിൽ പലവിധ കാഴ്ചകൾ മിന്നിമറിഞ്ഞു കൊണ്ടേയിരുന്നു. മരുഭൂമി കണക്കെ വരണ്ട മലകളും നീണ്ട പുഴകളും കാണുന്നുണ്ട് താഴെ. കുറച്ചു കഴിഞ്ഞപ്പോൾ നിറയെ മരങ്ങൾളുള്ള മലകളും, വിശാലമായ പച്ച വിരിച്ച താഴ്‌വരകളും വെളുത്ത മേഘ തുണ്ടുകൾക്കിടയിലൂടെ കാണാൻ തുടങ്ങി. ജോർജ്ജിയ എന്ന രാജ്യം അടുക്കാറായിയെന്ന് എനിക്ക് തോന്നി. പക്ഷേ ഫോട്ടോയുടെ ലൊക്കേഷൻ പിന്നീട് നോക്കിയപ്പോഴാണ് മനസ്സിലായത് അത് അർമേനിയയെന്ന ജോർജ്ജിയയുടെ അയൽ രാജ്യമായിരുന്നു.
ഫ്ലൈറ്റ് പിന്നെയും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്ക് പാട്ട് കേട്ട് പുറത്തോട്ട് നോക്കിയിരുന്നും ഞാൻ സമയം കളഞ്ഞു. പിന്നെയും മുന്നോട്ട് പോയപ്പോൾ പച്ചവിരിച്ച പാടത്ത് വെളുത്ത ചതുരക്കെട്ടുകൾ അടുക്കി വച്ചിരിക്കുന്ന പോലെയുള്ള കെട്ടിടങ്ങൾ ഞാൻ കണ്ടു. റ്റ്ബിലിസിയുടെ അടുത്തുള്ള മാർനൂലി (Marneuli) എന്ന നഗരമായിരുന്നു അത്.
കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം പൈലറ്റിന്റെ അറിയിപ്പ് വന്നു. “നമ്മൾ റ്റ്ബിലിസിയിലേക്ക് ലാൻഡ് ചെയ്യാൻ പോകുന്നു, എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുക”. ആ സമയം ലാൻഡിങ്ങിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ എയർഹോസ്റ്റസ്മാർ ഓടിനടന്നു ചെയ്യുന്നുണ്ടായിരുന്നു.
ഒടുവിൽ റ്റ്ബിലിസി എയർപോർട്ടിൽ വിമാനം വന്നിറങ്ങി. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോൾ, അതിന് പുറകെ ഞാൻ ഇമിഗ്രേഷനിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ എല്ലാ കൗണ്ടറിലും യാത്രക്കാരുടെ നീണ്ട ക്യൂ. പെരുന്നാളിന്റെ അവധിയായ കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ള ധാരാളം ആളുകൾ അവിടെ വന്നിട്ടുണ്ടായിരുന്നു. മുക്കാൽ മണിക്കൂറോളം നിന്നതിനുശേഷമാണ് ഞാൻ ഇമ്മിഗ്രേഷൻ കൗണ്ടറിൽ എത്തിയത്.
ഇടയ്ക്ക് ഞാൻ അലക്സിന് മെസ്സേജ് അയച്ചു. ഞാൻ താമസിക്കാൻ പോകുന്ന ഹോസ്റ്റലിന്റെ നടത്തിപ്പുകാരനാണ് അലക്സ്. എന്നെ വിളിക്കാൻ ഡ്രൈവർ പുറത്തുണ്ടെന്ന് അലക്സ് പറഞ്ഞിട്ട്, എൻറെ പേരെഴുതിയ പേപ്പറിന്റെ ഫോട്ടോ അവനെനിക്ക് അയച്ചു തന്നു.
ഇമ്മിഗ്രേഷനിലെ പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ഞാൻ പുറത്തോട്ടിറങ്ങി. അവിടെ യാത്രക്കാരെ കാത്തു കുറച്ചു ഡ്രൈവേഴ്‌സും, ഹോട്ടലിന്റെ ആളുകളും വരുന്ന അതിഥികളുടെ പേരെഴുതിയ പേപ്പറുമായി നില്പ്പുണ്ടായിരുന്നു. അവരുടെ മുന്നിലുള്ള കമ്പിവേലിയിൽ എൻറെ പേര് എഴുതിയ ഒരു പേപ്പർ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഞാൻ അതിൻറെ അടുത്ത് ചെന്നപ്പോൾ ഒരു വെളുത്ത വലിയ മനുഷ്യൻ വന്ന് ബിനോ അല്ലേയെന്ന് ചോദിച്ചു. ഞാൻ അതേയെന്ന് മറുപടി പറഞ്ഞു. കാർ പുറത്തുണ്ട് എന്ന് പറഞ്ഞ് അയാൾ എനിക്ക് മുന്നേ നടന്നു. തൊട്ടടുത്തുള്ള ഒരു കാർ പാർക്കിങ്ങിൽ ഞങ്ങൾ എത്തി. ബെൻസിന്റെ ഒരു വലിയ വാനായിരുന്നു അയാളുടെ വണ്ടി.
യാത്രകളിലിന്നെ അനുഗമിക്കുന്ന കറുപ്പും നീലയും കലർന്ന വലിയ ബാക്ക്പാക്ക് ഞാൻ വണ്ടിയുടെ പുറകിൽ വെച്ചിട്ട് മുന്നിൽ കയറിയിരുന്നു. ഞങ്ങൾ യാത്ര തുടങ്ങി, വിമാനത്താവളത്തിൽ നിന്നുള്ള റോഡ് അരികെ നിറയെ പച്ച മരങ്ങൾ ഉണ്ടായിരുന്നു, അതായിരുന്നു എൻറെ കണ്ണിൽ ആദ്യം ഉടക്കിയത്.
ബഹ്‌റൈനിൽ വന്നതിനു ശേഷം പച്ചക്കാടുകളോട് എനിക്ക് സ്നേഹം കൂടുതലാണ്. നമ്മളിൽ പലരും മരുഭൂമിയിൽ എത്തിപ്പെടണം പച്ചവിരിച്ച മരങ്ങളുടെ വിലയറിയണേൽ. ഞങ്ങൾ യാത്ര തുടങ്ങി, നിറയെ തിരക്കുള്ള റോഡിൽ കൂടി വണ്ടി പോയികൊണ്ടേയിരുന്നു, ഇടയ്ക്കൊരു പഴമ തോന്നിക്കുന്ന ഇരുണ്ട ടണലിക്കൂടി വണ്ടി കയറിയിറങ്ങി. പെട്ടെന്ന് ഞാൻ മണാലി യാത്രയും അടൽ ടണലും ഓർത്തുപോയി, മഞ്ഞും മലകളും ചേർന്ന് മണാലി എനിക്ക് സമ്മാനിച്ചത് ഏറ്റവും മനോഹരമായ ഓർമ്മകളാണ്.
ചെറുതും വലുതുമായ പല വഴികൾ പിന്നിട്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീടുകൾ തിങ്ങിപ്പാർക്കുന്ന ഭംഗിയായി കല്ലുകൾ വിരിച്ച ഒറ്റയടിപ്പാതയിലേക്ക് ഞങ്ങളുടെ വണ്ടി കയറി. ചെറിയൊരു കുന്നു പോലെയുള്ള ആ കയറ്റം കയറി ഞങ്ങൾ ചെന്നത്, എനിക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്റെ മുന്നിലാണ്.
ബുക്കിംഗ് ഡോട്ട് കോമിൽ കൂടി ബുക്ക് ചെയ്തപ്പോൾ ഞാൻ കണ്ട അതേ കെട്ടിടം. വലിയ ഭിത്തിയിൽ നിറഞ്ഞുനിൽക്കുന്ന കറുത്ത പൂച്ചയുടെ വലിയ ചിത്രം. അതിൽ നമസ്തേ ഹോസ്റ്റൽ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ( Shiva the cat mural, Georgia എന്ന് ഗൂഗിൾ ചെയ്താൽ ആ സ്ഥലം നിങ്ങൾക്ക് കാണാം).
അയാൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിൽ നിന്നിറങ്ങി. 60 ലാരിയിരുന്നു ടാക്സി കൂലി, 30 ലാരി കൊടുത്താൽ ബോൾട്ടിന്റെ ടാക്സി കാറിൽ വരാമെന്ന് അലക്സ് പറഞ്ഞതാണ്. അവൻ വണ്ടി വിട്ടാൽ കൂടുതലാകുമെന്ന് പറഞ്ഞപ്പോൾ, സാരമില്ല എന്ന് ഞാൻ പറഞ്ഞതു കൊണ്ടാണ് ഈ വണ്ടി വിട്ടത്. പക്ഷേ അതിലെനിക്ക് ഒരു നഷ്ടബോധവും ഇല്ലായിരുന്നു. ഇവിടുത്തെ ആദ്യത്തെ യാത്ര സുഖകരമായിരുന്നു.
ഞാനാ ഹോസ്റ്റലിൻ്റെ വാതുക്കൽ വന്നുനിന്നു….
തുടരും….






What are your thoughts on this post?
I’d love to hear from you! Click this link to email me, I reply to every message!
Also use the share button below if you liked this post. It makes me smile, when I see it.