മരണത്തിന്റെ മണം

ചില വൈകുന്നേരങ്ങളിൽ ഞാൻ
മരണത്തിന്റെ മണമുള്ള
ഇടനാഴികളിൽ ചെന്ന് പെടാറുണ്ട്.

കാലങ്ങളോളം കണ്ടിരുന്നവർ
പെട്ടെന്ന് മരണത്തിലേക്ക്
മറഞ്ഞതറിയുമ്പോളാണത്.
മരണം മണക്കുന്നയിരുണ്ട
ഇടനാഴികളിൽ ഉലഞ്ഞ
മനസ്സുമായി ഞാൻ വേഗം
നടക്കുമപ്പോൾ.

അവർ മരണത്തിന് തൊട്ട് മുൻപ്
എങ്ങനെയതിനെ നേരിട്ടുവെന്നോർത്ത്
ഞാൻ വേവലാതിപ്പെടാറുണ്ട്.
ഇരുണ്ട വഴികളിലൂടെയുള്ള
നടത്തത്തിന് വേഗം കൂട്ടും
ഞാനപ്പോൾ.

ആത്മബന്ധത്തിന്റെ ആഴങ്ങളില്ലാതിരുന്നിട്ടും
ആ മരണങ്ങളെന്നെ മുറിവേൽപ്പിക്കാറുണ്ട്.
അവരുടെ ചിതറിയ ഓർമകൾ
എന്നെയൊരു നിസ്സഹായനാക്കുന്നു.
ഇരുട്ടിലൊറ്റക്കായത് പോലെ,
ഇടവഴികളിലൂടെ ഓടാൻ
തുടങ്ങി ഞാൻ.

ഇനിയൊരിക്കലുമവരെ കാണില്ലെന്നുള്ള
സത്യം പതിയയെന്നെ മൂടുന്നു.
ശ്വാസമടയുന്നുയെൻ്റെ,
വഴിയിൽ ഞാൻ വീണുപോയി.

ചുറ്റുമിരുട്ടിൽ വീണ്ടും മരണത്തിന്റെ മണം.


Read More