വീണ്ടുമുണരട്ടെ

പാതിരാത്രിയിൽ പ്രാന്തിനൊപ്പം
കവിത പൂക്കാറുണ്ടുള്ളിൽ,
പ്രണയത്തോളം മധുരവും
പ്രാണനോളം നനവുള്ളത്.

ഒരുമിച്ചിരുന്ന് പങ്ക് വെയ്ക്കുവാൻ
ആളില്ലാതെയായി പോയത്കൊണ്ട്
ഓർമ്മകളിൽ ഭ്രമണം ചെയ്യാൻ
ഇതിലും നല്ല നേരമില്ലാന്ന്
തോന്നുമന്നേരം.

അങ്ങനെ വെറുതെയോരോന്ന്
മനസ്സിൽ പെയ്യും. കടന്ന് വന്ന
വഴികളുടെ കനലുകളും, കനവിന്റെ
വഴിയമ്പലങ്ങളും മനസ്സിലൊരുമാത്ര
മിന്നിമറയും.

പിന്നെയൊരു ശൂന്യതയാണ്.
പെയ്തൊഴിഞ്ഞ ഇരുണ്ട രാവുപോലെ
വെളിച്ചവും ശബ്ദവും വറ്റിയ
നിശ്ബദ താഴ്‌വരയിലേകനായി
കണ്ണിറുക്കിയടച്ച് ശാന്തി തേടും.

ഒരുപക്ഷേ സ്വപ്നങ്ങളിൽ
ഓർമ്മകളുടെ ഉൽസവം
ഉണ്ടാകുമ്പോൾ, കാലം
വീണ്ടുമനുഗ്രഹിക്കുമാരിക്കും.

ഒരു പകലൂടെ വീണ്ടുമുണരാൻ
അവസരം ലഭിക്കുമാരിക്കും.


Read More