സ്വപ്നതുല്യമായ സത്യം

പച്ചച്ചെടികൾ നിറഞ്ഞയെന്റെ
മുറിയുടെ മഞ്ഞവിരിപ്പിൽ
കിടക്കുമ്പോൾ ഞാനിടക്ക് ഓർക്കും,
ഞാൻ സന്തോഷവാനാണെല്ലോയെന്ന
സ്വപ്നതുല്യമായ സത്യം.

വേനലിൽ വരണ്ട് പോകുമ്പോൾ
ഓർമകൾ മഴപോലെ പെയ്ത്
തണുപ്പിക്കാറുണ്ടിന്നും.
ദുഃഖമുള്ളപ്പോളും പുഞ്ചിരി
നഷ്ട്ടമാകുന്നില്ലല്ലോ.

വായിക്കാൻ ഒന്നുമില്ലല്ലോന്ന്
ഓർത്തിരിക്കുമ്പോൾ പുസ്‌തകങ്ങൾ
ഇപ്പോഴും നടന്ന് കയറിവന്ന്
കൂടെയിരിക്കും. എഴുതാൻ കവിതകളും,
ആസ്വദിക്കുവാൻ സിനിമകളും
ബാക്കി കിടക്കുന്നു.

കണ്ടതിനേക്കാളേറെ കാണാൻ
കാഴ്ചകളും, പോകാൻ കാടും കടലും
എന്നെക്കാത്തിരിക്കുന്ന പോലെ.
ഈയാകാശത്തിന് അതിരുകളില്ലാത്ത
കാലത്തോളമെന്റെ സ്വാതന്ത്ര്യം
അവസാനിക്കുന്നില്ലല്ലോ.

മടുത്തിരിക്കുമ്പോൾ ഒരുകട്ടനിടാമെന്ന്
പറഞ്ഞ് പ്രിയപ്പെട്ടവർ അരുകിൽ
വരാറുണ്ട്. പുലരുവോളം കഥ
പറഞ്ഞവർ കൂട്ടിനിരിക്കുമ്പോൾ
ജീവിതമെത്ര സുന്ദരം.

മനോഹരമായ ധ്യാനം പോലുള്ള
ഈ ജീവിതം ഞാനാസ്വദിച്ചോട്ടെ.
കാലത്തിന്റെ ഉർവ്വരതക്ക് നന്ദി.


Read More