പ്രിയപ്പെട്ട മമ്മൂക്കക്ക്,

പ്രിയപ്പെട്ട മമ്മൂക്കക്ക്,

ഞാൻ താങ്കളെ സദാ കാണുന്നുണ്ടെങ്കിലും, താങ്കൾ ഇതുവരെ എന്നെ കണ്ട്മുട്ടിയിട്ടില്ല, ഇനി കാണുമോന്നും അറിയില്ല. എങ്കിലും ഒന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു, എനിക്ക് താങ്കളെ വളരെയേറെ ഇഷ്ടമാണ്.

നടനാകാൻ ആഗ്രഹിച്ച് ആഗ്രഹിച്ച്, അതിന് വേണ്ടി സദാ പരിശ്രമിച്ച് മലയാളസിനിമയുടെ കുലപതി ആയിതീർന്നത് കൊണ്ടല്ല. മലയാളത്തിൻ്റെ മഹാനടനും, എം. ടി അദ്ദേഹം അടക്കമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നായകനടനായതും അതിന് കാരണമല്ല.

എഴുപതാം വയസ്സിലും നിറയൗവ്വനത്തിൻ്റെ പ്രസരിപ്പും, കാലത്തെ അതിജീവിച്ച സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നത് കൊണ്ടല്ല. കഴിഞ്ഞ അമ്പത് വർഷമായി ഒരു ജനതെ മുഴുവൻ വിസ്മയിപ്പിക്കുകയും, എത്രയെടുത്താലും തീരാത്ത അഭിനയത്തിൻ്റെ അക്ഷയഖനിയാണ് താനെന്ന് വിവിധ വേഷപ്പകർച്ചകളിൽ കൂടെ നിരന്തരം തെളിയിക്കുകയും ചെയ്തത് കൊണ്ടല്ല.

പിന്നെ, അടങ്ങാത്ത അഭിനിവേശം കൊണ്ടും, നിരന്തരമായ പരിശ്രമത്തിലൂടെയും നേടിയെടുക്കാൻ സാധിക്കാത്ത ഒരു സ്വപ്നവുമില്ലെന്ന് സ്വയം തെളിയിച്ച്, എന്നെപ്പോലുള്ള സ്വപ്നസഞ്ചാരികൾക്ക് പ്രചോദനത്തിൻ്റെ കൊടുമുടിയായി നിലനിൽക്കുന്നത് കൊണ്ടാണ്.

തൻ്റെ പരാജയങ്ങളുടെ ചാരത്തിൽ നിന്നും കൂടുതൽ ശക്തിയോടെ കൂടെ കുതിച്ച് ഉയരുന്ന ഫീനിക്സ് പക്ഷിയുടെ പ്രതീകമാണ് താനെന്ന് ഈ ലോകത്തിന് കാണിച്ച് കൊടുത്തതിലൂടെയാണ്. തൻ്റെ കഴിവുകളെ കൂടുതൽ ഉരച്ചാൽ, താൻ ഇനിയും കൂടുതൽ തിളങ്ങുമെന്ന് സദാ സ്വയം ഓർമിപ്പിക്കുന്ന ജാലവിദ്യക്കാരൻ ആയത്കൊണ്ടാണ്.

അതേ, ഇതുവരെ കണ്ട്മുട്ടിയിട്ടില്ല എങ്കിലും, എൻ്റെ സ്വപ്നങ്ങൾ നേടാൻ നിരന്തരമെന്നെ പ്രചോദിപ്പിക്കുന്ന, ഫീനിക്സ് പക്ഷിയെപ്പോലെ പരാജയത്തിൽ നിന്നും കുതിച്ച് ഉയരാൻ സദായെന്നെ പ്രേരിപ്പിക്കുന്ന, നൈരന്തര്യമായ പരിശ്രമങ്ങൾ കൊണ്ട് എൻ്റെ കുറവുകളെ കഴിവുകളാക്കാമെന്ന് എന്നെ വിശ്വസിപ്പിച്ച, എൻ്റെ ഏറ്റവും പ്രിയപ്പെട്ട കലാകാരനാണ് താങ്കൾ.

അത്കൊണ്ട് തന്നെ, എനിക്ക് താങ്കളോട് നിറയെ സ്നേഹമാണ്.

ഇനിയും നിലക്കാതെ പ്രചോദിപ്പിക്കുവാനും, സദാ വിസ്മയിപ്പിക്കുവാനും, ഞങ്ങളുടെ എക്കാലത്തെയും മികച്ച നടനായി നിലനിൽക്കുവാനും സാധിക്കട്ടെ. ജന്മദിനാശംസകൾ!

സ്നേഹത്തോടെ,
ബിനോ


Read More