ഞാനിനിയെന്ത് പറയും

ഞാനിനിയെന്ത് പറയും നിന്നോട്?
കാത്തിരുന്ന വഴികളിലെ വെളുത്ത ലില്ലിപ്പൂക്കൾ
വാടിത്തുടങ്ങിയെന്നോ? അതോ നാം
നനച്ച മരൽച്ചെടികൾ വേരറ്റ് പോയെന്നോ!

ഉപ്പുകാറ്റുകൾക്കൊപ്പം കടൽത്തിര വറ്റിപോകുകയും,
ഈ വരണ്ടഭൂമി പിന്നെയും മരുഭുമിയായെന്നും,
മഞ്ഞപ്പൂക്കൾ വിടർന്നൊരു അടുക്കളത്തളം
വീണ്ടും അനാഥമായെന്നും പറയട്ടെ?

ഏകാന്തത നിറഞ്ഞൊരു മുറിക്കുള്ളിൽ
പിന്നെയും തണുപ്പ് മാത്രമാണെനിക്ക് കൂട്ടെന്നും,
ആൻഡലസ് ഗാർഡനുള്ളിലെ നിബിഡമായ
മരങ്ങൾക്കിടയിലും മനുഷ്യർക്കിടയിലും
ഒരിക്കൽക്കൂടി ഞാനൊരു ഒറ്റയാനായെന്ന്
പറഞ്ഞ് നിർത്തട്ടെ ഞാൻ?

അറിയില്ല ഞാനിനിയെന്ത് പറയണമെന്ന്.
ഹൃദയം വേദനിക്കുന്നുവെന്നും, നാം
പരസ്പരം കണ്ടുമുട്ടാൻ ഇനിയും
കാത്തിരിക്കണമെന്നും നിന്നോട് പറയാൻ
ഇതുവരെയും ഞാൻ ശീലിച്ചിട്ടില്ല.


Read More