എഴുന്നൂറ്റിയൊന്നാമെത്തെ വർഷം

എല്ലാ രാത്രികളിലെപ്പോലെയിന്നും ഞാൻ
നീലവാതിൽ തുറന്ന് നടന്ന് തുടങ്ങി.

സ്വപ്‍നങ്ങളുടെ ഇടനാഴിയിലൂടെ
ആനന്ദസംഗീതത്തിൻ്റെ ശാന്തമർമ്മരങ്ങളിൽ
ഒരുന്മാദിയെപ്പോലെ കാറ്റിനൊപ്പം
നൃത്തം ചെയ്തു ഞാൻ.

കാറ്റിലാടുന്ന ഇലകളിലെ ജീവൻ്റെ
പച്ചമഷി, കൈകുമ്പിളിൽ കോരിയെടുത്ത്
വേരറ്റ് പോയ വള്ളിപ്പടർപ്പുകളിലേക്ക്
പകർന്ന് നൽകുമ്പോൾ,

മഞ്ഞരാത്രിയുടെ നക്ഷത്രത്തരികളെ
മന്ത്രവിദ്യയാൽ പൂക്കളാക്കി മണ്ണിൽ
വിരിയിക്കുമ്പോൾ, എൻ്റെ സ്‌മൃതികളിൽ
കാലത്തിൻ്റെ ഉർവ്വരത ഒഴുകിയിറങ്ങി.

പ്രണയത്തിൽ കാര്യകാരണങ്ങളുടെ
സമവാക്യങ്ങൾക്ക് പ്രസക്തിയില്ലെന്ന്
ഓർമിപ്പിച്ച്കൊണ്ട് നിന്നെ
കാത്തിരിക്കുന്ന എഴുന്നൂറ്റിയൊന്നാമെത്തെ
വർഷമായിരിക്കുന്നുയിന്ന്.

ഈ കാത്തിരിപ്പ് കൊണ്ട് തൃപ്തനാണ്
ഞാൻ, ഈ പ്രണയം കൊണ്ടും.

Read More