സ്വപ്നസഞ്ചാരി

സ്വപ്നങ്ങൾ തേടി ഒരു നീണ്ട യാത്രയുടെ തുടക്കത്തിലാണ് ഞാൻ. ഏതൊരു സ്വപ്നമോഹിയെപ്പോലെയും പാതി വഴി വീണു പോകാൻ സാധ്യതയുള്ള അനന്തമായ യാത്ര.

കലാകാരൻ. മരണമരെ കലാകരനായി നിലകൊള്ളക. അതാണെന്റെ യാത്രാ ലക്ഷ്യം. ‘Til death, we do art.’ മരണംവരെ ഞങ്ങൾ കലകൾ ചെയ്യും. ഇടക്കെവിടെയോ വായിച്ചത് ഉള്ളിൽ ഇപ്പോഴും കിടപ്പുണ്ട്.

ചെറുപ്പത്തിൽ അറിയാതെ ആദ്യം കൂടിയത് വരകളാണ്. ഇടയ്ക്കെവിടെയോ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഉള്ളിൽ കാണിച്ചിട്ട് , പൊടുന്നുനെ എനിക്ക് പിടിതരാതെ മറഞ്ഞുകളഞ്ഞു പ്രിയപ്പെട്ട വരകൾ.

പക്ഷേ ബാല്യത്തിൽ വരകളോടുകൂടിയ വായന മാത്രം എങ്ങും പോയില്ല വായിക്കുമ്പോൾ മാത്രം എനിക്ക് എന്തെന്നില്ലാത്ത ശാന്തതയും സന്തോഷവും ഞാനറിഞ്ഞിരുന്നു. എന്തിന് വേണ്ടിയെന്ന് പോലുമറിയാതെ ഞാൻ വായിക്കാൻ തുടങ്ങി.

ബാലരമയിൽ തുടങ്ങിയ ആ യാത്ര ഷെർലോക്ക് ഹോംസിലോട്ടും കോട്ടയം പുഷ്പനാഥിലോട്ടും അത് വഴി വാൻ ഗോഗിലോട്ടും മൈക്കലാഞ്ചിലയോട്ടും മമ്മൂട്ടിയിലോട്ടും അവിടുന്ന് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയിലോട്ടും ബഷീറിലോട്ടും ബോബി ജോസിലോട്ടും ഇങ്ങനെ വളർന്ന് പന്തലിച്ചു കൊണ്ടേയിരുന്നു. പുസ്തകങ്ങളും സിനിമകളും ചിത്രങ്ങളുമെല്ലാം എന്നിൽ പുതിയൊരു പ്രകാശം തന്നു.

പിയത്തയും അന്ത്യഅത്താഴവും എന്നെ അൽഭുതപ്പെടുത്തിയപ്പോൾ ബാല്യകാലസഖിയെന്നെ വേദനിപ്പിച്ചു. അതേസമയം ഒരു വടക്കൻ വീരഗാഥയെന്നെ വിസ്മയിപ്പിച്ചു.

ഒരു കലാകാരനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇടക്ക് നഷ്ടപ്പെട്ടുപോയ വരകളെ തിരിച്ചുപിടിക്കാൻ പലപ്പോഴും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു, അപ്പന്റെ വരകളെന്തോ ഉള്ളിലോട്ട് വഴങ്ങിയില്ല.

വായന മാത്രം കൂടെ നിന്നു, അങ്ങനെ വായിച്ച് വായിച്ച് ഉള്ളിൽ കൂടിയവയെല്ലാം വാക്കുകളായി കടലാസ്സിൽ പുനർജ്ജനിക്കാൻ ശ്രമിച്ചു പലപ്പോഴും. എന്താണ് എഴുതേണ്ടതെന്നും എങ്ങനെയാണ് എഴുതേണ്ടതെന്നും അറിയാതെ പലപ്പോഴും ഞാൻ വരികൾ കോറിയിട്ടു പലയിടത്തും.

ജീവിത വഴിത്താരകളിലൂടെ പ്രവാസകാലത്തിൽ വെറുതെ എഴുതിയ ഒരു കഥ, ഏറെക്കുറെ എന്റെ തന്നെ കഥ, മാതൃഭൂമി വെബ്സൈറ്റിൽ വന്നത് അന്നോളം തോന്നിയിട്ടില്ലാത്ത ആത്മവിശ്വാസം ഉള്ളിൽ നിറച്ചു. എന്തുകൊണ്ട് ഇനിയും എഴുതിക്കൂട്ടാ എന്നുള്ള ചിന്തയാണ് വിസ്ബി റ്റെയിൽസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും പിന്നീടുള്ള എന്റെ ബ്ലോഗിനും കാരണം.

കുറെ കുത്തിക്കുറിക്കലിന് ശേഷം അങ്ങനെ ഞാൻ അറിയാതെ എന്റെ സ്വപ്നത്തിലേക്കുള്ള വഴിയായി മാറി എന്റെ എഴുത്തുകൾ. പിന്നീട് എഴുതിയതെക്കെയും ആ സ്വപ്നം നേടാനുള്ള ആഗ്രഹത്തിന്റെ ചെറിയ ശ്രമങ്ങളായി മാറി. കഥകളും കവിതകളുമായി ഞാൻ എന്നെതന്നെ എഴുതുകയാണ് ഇപ്പോഴും.

ഇന്നോളം ഞാൻ എഴുതിയതൊക്കെയും എനിക്ക് വേണ്ടിയായിരുന്നു. എനിക്ക് ഞാൻ തന്ന സമ്മാനങ്ങൾ, സന്തോഷത്തിന്റെ പൊതിക്കെട്ടുകൾ. ഞാനൊരു കലാകരനാകുമെന്ന് എന്നോട് തന്നെ പറയാൻ ഞാൻ കണ്ട്പിടിച്ച മാർഗ്ഗം. നിങ്ങളിൽ ചിലർ എൻറെ ചില കുറിപ്പുകൾ നല്ലതെന്ന് പറയുമ്പോൾ ഞാനത് ഒന്നുകൂടെയെന്നെ ഓർമ്മിപ്പിച്ചു.

എന്റെ യാത്ര ഞാൻ തുടരുവാണ്, ഇനിയുമെനിക്കെന്നെ കണ്ടെത്തുവാനുണ്ട്. എന്റെ സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറയുമ്പോൾ ഒരുപക്ഷേ പുസ്തകകെട്ടുകൾക്കിടയിൽ നിങ്ങളെന്റെ പേര് തിരയുമാരിക്കാം. ചിലപ്പോൾ ഈ എഴുത്തുകളും പാതിവഴി എന്നിൽ നിന്നും യാത്ര പറഞ്ഞ് പോകാം. പക്ഷേ ഞാനെന്നെ ഇനിയും ഉരച്ച് മിനുക്കാൻ നോക്കി കൊണ്ടേയിരിക്കും. പുതിയ മാർഗ്ഗം കണ്ടെത്തുവാൻ ശ്രമിച്ച് കൊണ്ടേയിരിക്കും, ഒരുപക്ഷേ ഒരു കലാകാരന്റെ വെളിച്ചമെന്റെ ഉള്ളിലുണ്ടെങ്കിലോ ?!

അറിയാം, തോറ്റു പോയവരാണ് ഈ യാത്രയിൽ കൂടുതലും. എങ്കിലും അനുഗ്രഹിക്കുക എന്നെ, സഫലമാകട്ടെയീ സ്വപ്നയാത്ര.

Read More