ധ്യാനം

എൻറെ ഉൾക്കാഴ്ചകൾ
നഷ്ടമാകുമ്പോൾ,
ഋതുക്കളുടെ കാറ്റുവീശുന്ന,
വെളുത്ത പാറക്കൂട്ടങ്ങൾ
അതിരുകാക്കുന്ന കടൽക്കരയിൽ
ഞാനെത്തി നിൽക്കാറുണ്ട്.

തിരകളില്ലാത്ത നിശബ്ദമായ
കടൽപ്പരിപ്പിലേക്ക് നോക്കിനിൽക്കെ
വെള്ളി വിരിച്ചത്പോൽ
കടലാഴങ്ങളിലേക്ക് വഴി തെളിയാറുണ്ട്.
ഞാനായിത്തീരാൻ ഇനിയുമറിയാനുണ്ട്
ഞാനെന്നെ,
ഉള്ളിലെ ആഴിയിലേക്ക്
യാത്ര തിരിക്കുന്നു.

ആഴങ്ങളുടെ നൈർമല്യത്തിലേക്ക്
നടന്നു നീങ്ങി ഞാൻ
ധ്യാനത്തിലാഴുമ്പോൾ കടലെന്നെ
ശാന്തമായി മൂടുന്നു.
ഉള്ളിലൊരു മന്ത്രം മാത്രമിനി
‘സ്വയമറിയുക.’

ആഴിയുടെ മൗനത്തിൽ നിന്ന്
ജ്ഞാനസ്നാനത്തിന്റെ
ഈറനുമായി ഞാൻ
കടലേറി വരുന്നതും കാത്ത്
കാറ്റിപ്പോഴും കാത്തിരിക്കുന്നു.

വരുന്നു ഞാൻ.


Read More