ഡിസംബർ

വെള്ളിയാഴ്ച്ച മഞ്ഞുകാലം തുടങ്ങുമെന്ന് പത്രത്താളുകളിൽ കണ്ടു. നീണ്ട ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന പ്രിയപ്പെട്ടവരെ ആലിഗനം ചെയ്ത് സ്വീകരിക്കുന്നത് പോലെയാണ്, ഓരോ മഞ്ഞുകാലവും ഞാൻ വരവേൽക്കുന്നത്.

ക്ഷണികമെന്ന് ഞാൻ സദാ കരുതുന്ന ഈ ജീവിതത്തിൽ വീണ്ടുമൊരു മഞ്ഞുകാലമെന്നേ വല്ലാതെ ആവേശത്തിലാഴ്ത്തുന്നു. ഹാ! ഇനിയുള്ള വൈകുന്നേരങ്ങളിലെ ഇരുട്ടിന് എന്തൊരു വെളിച്ചമാകും.

രാവുകൾ കൂടുതൽ ദീർഘിക്കുവാൻ തുടങ്ങും, നടത്തങ്ങളും. കോട്ടുമിട്ട് തണുത്ത കാറ്റിൽകൂടെയുള്ള അലസ നടത്തമെന്നേ ഇപ്പോളേ വല്ലാതെ തണുപ്പേൽപ്പിക്കുന്നു. ഹരിതനിറങ്ങൾ ഇനി പാതകൾക്ക് മനോഹാരിത പകർന്ന് തുടങ്ങും. പൂന്തോട്ടങ്ങൾ കൂടുതൽ ചുമന്ന് പൂക്കും. ഡിസംബറായെന്ന് അറിയിക്കാൻ ചുമന്ന മാലബൾബുകൾ ബാൽക്കണികളിൽ ഇനി നിറഞ്ഞ് പെയ്യും. വിവിധ ഹോട്ടലുകളിൽ പച്ചനിറഞ്ഞ മരങ്ങൾക്കിടയിലെ മഞ്ഞബൾബുകൾ ഇപ്പോളെയെന്നെ സന്തോഷിപ്പിക്കുന്നു.

ഇടുങ്ങിയ വഴികളിലെ മങ്ങിയ മഞ്ഞവെളിച്ചത്തിലൂടെ നടക്കുമ്പോൾ ഇടനെഞ്ചിൻ്റെ അടിത്തട്ടിൽ ഡ്രംമ്മിൻ്റെ മുഴക്കം. പഴയ പാട്ടിൻ്റെയും കരോൾ സംഘത്തിൻെയും ഇടയിലൂടെ ഓർമ്മകൾ മിന്നി മറയുന്നു.

ഈ തവണ വീട് കൊറച്ചേറെ ഒരുക്കണം. പച്ച ക്രിസ്തുമസ് ട്രീക്കൊപ്പം, ചുമപ്പും സ്വർണനിറവും ഭിത്തിയിൽ നിറയ്ക്കണം. ഒരു കാരണവുമില്ലാതെ വീട് സന്തോഷിക്കണം. ഇനി പതിവ് പോലെ കുടുംബവും കൂട്ടുകാരും വരും. ആവോളം കേക്ക് കഴിക്കണം. രാവ് വെളുക്കോവോളും കഥകൾ പറയണം. കഥ പറഞ്ഞ ചിരിച്ച് കമ്പിളിക്കെട്ടിലോട്ട് ഉറങ്ങി വീഴണം.

അങ്ങനെ സന്തോഷം മാത്രം പെയ്യുന്ന ഡിസംബർ എനിക്ക് പ്രിതീക്ഷയുടെ മഞ്ഞ് മാസമാണ്.

Read More