അരങ്ങൊഴിയെട്ടെ

കാലമിങ്ങനെ കൊഴിഞ്ഞ് പോകവേ,
ഓർമകളുടെ ഭാരവുമേറി വരുന്നു.

ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്തവരുടെയും,
മടങ്ങിവരാതെ യാത്ര പറഞ്ഞവരുടെയും
മുഖങ്ങളിങ്ങനെ മനസ്സിൽ കൂടി വരുന്നു.

ഇന്നീ രാത്രികളുടെ ആരവം മോഹിപ്പിക്കാതെ
മടുപ്പിക്കുന്നത്, ഉള്ളിലെ കളിചിരികളുടെ ദൈര്‍ഘ്യം
ഞാനറിയാതെ കുറയുന്നകൊണ്ടാവും.

എനിക്കേറ്റവും പ്രിയപ്പെട്ട കാത്തിരിപ്പുകൾ
നഷ്ടമായ ഈ ദിനരാത്രികളിൽ, ഇടനെഞ്ചിലെ
വേദനകളും കണ്ണിലെ താളവും
പറയാതെ ഗ്രഹിക്കുന്നവർ വിസ്‌മൃതിയിലാണ്ടു.

ജന്മം തന്നവർ പ്രകാശബിന്ദുക്കളായി പരിണമിക്കുന്ന
നേരത്ത് ഒരിറ്റ് കണ്ണീർ കൊണ്ട് നിസ്സഹാനായി ഞാൻ.
എല്ലാം പടിയിറങ്ങിപോയപ്പോൾ, ജരാനരകൾ
മാത്രം വിളിക്കാതെ കയറി വന്നിരിക്കുന്നു.
നിശബ്‌ദമായ ഈ ശൂന്യതയിൽ വിതുമ്പുവാൻ
പോലും മടിച്ച് നിൽക്കുന്നു ഞാനിന്ന്.

ഇനി എനിക്കൊന്ന് എരിഞ്ഞടങ്ങണം, കാത്തിരിക്കുന്നാ
രംഗബോധമില്ലാത്ത കോമാളിക്ക് വേണ്ടി.
എവിടെയവൻ. അരങ്ങൊഴിയാൻ സമയം
അതിക്രമിച്ചിരിക്കുന്നു എനിക്ക്.

രംഗബോധമില്ലാത്ത കോമാളി.

Read More