കാവൽ

നീ ഉറങ്ങുന്നതും ഉണരുന്നതും കാത്ത്
ഞാൻ ഉറങ്ങാതെ തുണയിരിപ്പുണ്ട്.

ഇരുൾ വഴിയിൽ നീ ഇടറി
വീണാലോയെന്ന ഭീതിയാലൊരു
കൺനോട്ടമകലെ ഞാൻ കാവൽ
നിൽപ്പുണ്ട്.
ഓടി വന്ന് മാറത്തണയ്ക്കാൻ
പാകത്തിന്, ഇമചിമ്മാതെയെപ്പോഴും
നിന്നെക്കുറിച്ച് ചിന്തിച്ചിരിക്കുന്നു
ഞാനിവിടെ.

നിന്റെ ബോധങ്ങളിലും അബോധങ്ങളിലും
ഞാൻ നിറഞ്ഞ് നിൽക്കുമ്പോൾ,
ഇരുട്ടിലും ഭയത്തിലും ക്രോധത്തിലും
നീയെന്നെക്കുറിച്ചോർത്ത് സ്വച്ഛമാകുക.

ക്ലേശങ്ങൾ കനൽപോൽ പെയ്യുമ്പോൾ
മുറുകെപ്പിടിക്കാം ഞാൻ നിന്നെ,
മൂർദ്ധാവിൽ ഉമ്മവെച്ച് നനവ് നൽകാം
ഞാനന്നേരം.

പിരിയില്ല ഞാനിനി ഒരിക്കലും
നിൻ ചിരാതിലെ തിരിനാളമായും
ഉരുകി നിന്നുള്ളിലെ തുടിപ്പായും
നിലനിൽക്കാം ജൻമാന്തരങ്ങളോളം
ഞാനിനി.

പതറാതെ നീ സധൈര്യം ചരിക്കുക
നിതാന്തമീ യാത്രയിൽ, ഓർക്കുക സദാ
ഞാനെന്ന നിൻ നിലാവെളിച്ചത്തെ.


Read More