ബാല്യത്തിലാണ് ജീവിതത്തിൽ അദ്യമായി ചെപ്പടിവിദ്യകൾ പഠിച്ചത്. വെയിലും മഴയും ഒരുമിച്ച് വന്നാൽ കുറുക്കൻ്റെ കല്യാണമാണെന്ന് തിരിച്ചറിയാനും, ഒറ്റ മൈനയെ കണ്ടാൽ ദുഃഖസൂചനയാണെന്ന് മനസിലാക്കാനും, ദൈവത്തിന് ഫോൺ നമ്പർ ഉണ്ടെന്നും തുടങ്ങി പല വിദ്യകളും പലരിൽ നിന്നും സ്വായത്തമാക്കിയത് ബാല്യത്തിലെ സുന്ദരദിവസങ്ങളിൽ നിന്നാണ്.
അതിൽ പ്രധാനപ്പെട്ട അറിവായിരുന്നു വളപ്പൊട്ടുകൾ കൊണ്ട് മറ്റുള്ളവരുടെ സ്നേഹമളക്കാൻ പഠിച്ചത്. സ്നേഹമളക്കുന്ന സംഗതി വളരെ വല്യ കാര്യമാണെങ്ങിലും സംഭവം നിസ്സാരമായി ചെയ്യാവുന്നതാണ്. അമ്പലപ്പറമ്പിൽ നിന്നും ഫാഷൻ സ്‌റ്റോറിൽ നിന്നും കിട്ടുന്ന തിളങ്ങുന്ന കുപ്പിവളകളാണ് ഇതിന് വേണ്ടത്, വേറെയൊന്നും വേണ്ടതാനും.
പുതിയത് വാങ്ങി വിദ്യ പരീക്ഷിക്കാനുള്ള വകയൊന്നും ഇല്ലായിരുന്നത് കൊണ്ട് പൊട്ടിയ വളമുറികളാണ് മിക്കവാറും ഉപയോഗിക്കുന്നത്. ഓർമ്മയിൽ ആദ്യമായി വളമുറി കൊണ്ട് സ്നേഹമളക്കുന്ന വിദ്യ പറഞ്ഞു തന്നത് കൊച്ചേച്ചിയാരുന്നു. നിൻ്റെ കയ്യൊന്ന് നീട്ടിക്കെ, എന്നിട് നീ ഒരാളെ മനസ്സിൽ ഓർക്ക്. അയാൾക്ക് നിന്നോട് എത്ര സ്നേഹമുണ്ടന്ന് ഞാൻ പറയാം, എന്ന പറഞ്ഞ എൻ്റെ കൈയ്യ് നീട്ടിപ്പിടിപ്പിച്ചു ഒരു ദിവസം.
എന്നിട്ട് എൻ്റെ കൈവെള്ളയിലോട്ട് ഒരു തിളങ്ങുന്ന ചുമന്ന വളമുറിയുടെ രണ്ടറ്റവും പിടിച്ച് ചേച്ചി നടക്കോട്ട് പൊട്ടിച്ചു. അത്ഭുതം, ഒരു വലിയ തരി വളപ്പൊട്ട് അടർന്ന് എന്റെയുള്ളം കൈയ്യിലോട്ട് വീണു. നീ ഓർത്ത ആളിന് നിന്നോട് നല്ല സ്നേഹമുണ്ടല്ലോ. ആരാടാ എന്ന് കൊച്ചേച്ചി ചിരിച്ചോണ്ട് ചോദിച്ചു. ഞാൻ ഓർത്തത് എന്നെത്തന്നേയാണ്, എനിക്കറിയണമെല്ലോ എനിക്ക് എന്നോട് എന്തോരും സ്നേഹമുണ്ടന്ന്, ഞാൻ പറഞ്ഞു. ആരും സ്നേഹിക്കാൻ ഇല്ലേലും നമ്മൾ നമ്മളേ തന്നെ സ്നേഹിക്കണം എന്നാണ് അന്നുമിന്നും ഞാൻ കരുതുന്നത്.
അപ്പോൾ അങ്ങനെയാണ് മറ്റുള്ളവരുടെ സ്നേഹമളക്കുന്നത്. വലിയ വളമുറിക്ഷണമാണ് കൈയ്യിൽ വീഴുന്നതെങ്കിൽ കുന്നോളം സ്നേഹവും ചെറിയ വളമുറിക്ഷണമാണേൽ കുന്നിക്കുരുവോളും സ്നേഹവും. ഇനി വളകഷ്ണം വീണില്ലെല്ലോ സ്നേഹമില്ലതാനും. പരുപാടി എനിക്ക് ഇഷ്ട്ടായി.
അന്ന് ആദ്യം പോയി സ്നേഹമളന്നത് കുഞ്ഞിപ്പെങ്ങളുടെ കൈയ്യിലാരുന്നു എന്ന് തോന്നുന്നു. പിന്നീട് പലപ്പോഴും എന്നെയോർക്കാൻ പറഞ്ഞ് ആ ചെപ്പടിവിദ്യ കൊണ്ട് ഞാൻ പലരുടെയും സ്നേഹമളന്നു. ഞാൻ കൊടുത്ത സ്നേഹത്തെക്കാൾ വലുപ്പമുണ്ടായിരുന്നു അന്ന് കിട്ടിയ വർണ്ണപ്പൊട്ടുകൾക്ക് ഒക്കെയും.
ബാല്യവും കൗമാരവും കടന്ന് പോയെങ്കിലും ദൈവത്തിന്റെ ഫോൺ നമ്പർ കിട്ടുന്നില്ലായെന്ന് തിരിച്ചറിഞ്ഞെങ്കിലും ഈ ചെപ്പടിവിദ്യ മാത്രം കൂടെക്കൂട്ടി. ഇടക്കിടെ സ്നേഹിക്കുന്നവരുടെ സ്നേഹമളക്കാല്ലോ. ഇപ്പോഴും ഞാൻ എൻ്റെ പ്രിയപ്പെട്ടവരെ ഓർത്ത് അവർക്ക് എന്നോടുള്ള സ്നേഹമളക്കാറുണ്ട്. കിട്ടുന്ന വളപ്പൊട്ടുകൾ ചിലപ്പോൾ സന്തോഷവും മറ്റ് ചിലപ്പോൾ ദുഃഖവും തരാറുണ്ട്.
എങ്കിലും അവരുടെ സ്നേഹത്തേക്കാൾ വലിയ സ്നേഹം എൻ്റെയുള്ളിൽ പൊട്ടിച്ചിടാനാണ് ഞാൻ ഇപ്പോഴും ശ്രെമിക്കുന്നത്. ഞാൻ എന്നെ തന്നെ സ്നേഹിക്കുന്ന പോലെ, വലിയ ചുമന്ന വളമുറിക്ഷണങ്ങൾ അവരോടുള്ള എൻ്റെ സ്നേഹമായി മനസ്സിൽ നിറയട്ടെ.
What are your thoughts on this post?
I’d love to hear from you! Click this link to email me—I reply to every message!
Also use the share button below if you liked this post. It makes me smile, when I see it.