നിന്നെയാേർക്കുന്നതല്ലേ...

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.

മുഖത്തേക്ക് വീശിയ തണുത്തകാറ്റ് എന്നെ എന്നിലേക്കുത്തന്നെ ഉണർത്തിയപ്പോൾ പതിയെ എഴുന്നേറ്റ ഞാൻ ആ വാകമരച്ചുവടിലേക്ക് നടന്നു. നിനക്ക് ഞാൻ തരുമെന്ന് പ്രണയമുദ്രയാണ് ചുമന്ന ഗുൽമോഹർപ്പൂക്കൾ. നീ ഓർക്കുന്നുണ്ടാവും, നിന്റെ അഴിഞ്ഞമുടി വകഞ്ഞ് മാറ്റി ഞാൻ ആ കഴുത്തിൽ വാകപ്പൂവിൻ്റെ ചുമപ്പ് ചാർത്തുമെന്ന് പറഞ്ഞത്. വഴിയരികെ മങ്ങിയ വെളിച്ചത്തിൽ നിൽക്കുന്ന ചെമ്പകമരത്തിൻ്റെ നീണ്ട ശിഖരങ്ങളിലുള്ള വെളുത്ത ചെമ്പകപ്പൂക്കൾ കണ്ടപ്പോൾ, ഞാനും നീയും പങ്ക് വെച്ച നമ്മുടെ നീഗുഡ രഹ്യസങ്ങളെപ്പറ്റി ഞാനോർത്തു.

നിരനിരയായി കല്ലുകൾ വിരിച്ച പാതയിക്കൂടെ ഞാൻ നടന്ന് നീങ്ങുമ്പോൾ കണ്ണുനീർ കൊണ്ട് നാം പരസ്പരം നനച്ചതും ആശ്വസിപ്പിച്ചതും എന്റെ ഉള്ളിൽ നിറയുന്നുണ്ടാരുന്നു. വഴിയുടെ ഇരുവശവും നിന്ന്കൊണ്ട് എനിക്ക് കവാടമൊരുക്കിയ വേപ്പിൻ മരങ്ങളെ ഞാൻ അത്ഭുതത്തോടെ നോക്കി. കണ്ണുനീർ കൊണ്ട് കഴുകുമ്പോളാണ് പ്രണയത്തിന് വിശുദ്ധി കുടുന്നതെന്ന് ചേർന്ന് നടക്കുന്ന നമ്മളോട് അവ പറയുണ്ടന്ന് തോന്നിയെനിക്ക്. അപ്പോൾ അവയുടെ അപ്പുറമൊരു തൂവെള്ള വെളിച്ചം നില്പുണ്ടാരുന്നു, അത് ലക്ഷ്യമാക്കി ഞാൻ നടന്നപ്പോൾ ഓർത്തു ഇന്നു വൈകുന്നേരം ഈ കഥകളെല്ലാം നിന്നോട് പറയണമെന്ന്.

ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയാേർക്കുന്നതല്ലേ പ്രണയം.


Read More