ഉള്ളറകൾ

നിങ്ങളെ സ്നേഹിച്ചതുകൊണ്ട്മാത്രം
ഹൃദയം തകർന്നവരുടെ
ഉള്ളിലോട്ട് വീണിട്ടുണ്ടോ ?

അവരുടെ വേദനകളുടെ
ഉപ്പുവെള്ളത്തിൽ മുങ്ങിചാകാതെ
സൂക്ഷിക്കണം.
ഉള്ളിലെ ദുഃഖങ്ങളിൽപ്പെട്ട്
ഞെരിഞ്ഞമർന്ന് പോകാതെ
നോക്കുകയും വേണം.

പിന്നെയും അടിയിലോട്ട്
ചെല്ലുമ്പോൾ
അവിടെ ജീവൻ്റെ
തുടിപ്പും മയവും കാണാം,
സ്നേഹത്തിൻ്റെ ഈർപ്പമുള്ളയിടം.

അതിൽ തൊട്ട് നോക്കുക,
ചോര പൊടിയുന്നുണ്ടാവും
ആ അറകളിൽ.
സൂക്ഷിച്ച് നോക്കിയാൽ
നിങ്ങളുടെ പേര് കാണാമവിടെ.

ഓരോ തവണ നിങ്ങൾ
വേദനിപ്പിക്കുമ്പോളും
അവിടെയാണവർ ചുംബിക്കുന്നത്.
ആ ചുംബനങ്ങളിലാണ്
നിങ്ങളോടുള്ള സ്നേഹം
പിന്നെയും പിന്നെയും പൂക്കുന്നത്.


Read More