ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇടക്ക് ഓറഞ്ച് നിറത്തിലുള്ള മീനുകളെ കണ്ടാൽ ആവേശത്തോടെ ചിലപ്പോൾ തോർത്തു പെട്ടെന്ന് പൊക്കിയെടുക്കും. അത് നിമിത്തം വെള്ളം കലങ്ങിമറിയുകയും ചെയ്യും, മീൻ ചാടി പോകുകകയും ചെയ്യും. ഇങ്ങനെയൊക്കെയാണേലും തോറ്റു കൊടുക്കാൻ ഞങ്ങളാരും തയ്യാറായിരുന്നില്ല. പിന്നെയും കാത്തിരിക്കും, ഇത്തവണ കൂടുതൽ ക്ഷമയോടെ ബുദ്ധിപൂർവം നീങ്ങും. അല്ലെങ്കിൽ കരയിൽ ഇരിക്കുന്ന ചേച്ചിമാർ ആരേലും പറയും അടങ്ങിയിരുന്ന മീൻ വരുന്നത് നോക്കി പിടിക്കാൻ.അത്കൊണ്ട് തന്നെ പിന്നീട് മീനുകൾ പൂർണമായും തോർത്തിൻ്റെ നടുക്ക് എത്തുന്നതുംകാത്ത് നിൽക്കും. മീനുകയറിയാൽത്തന്നെ പെട്ടന്ന് തോർത്തു പൊക്കിയെടുക്കാതെ രണ്ടുപേരും സാവകാശം അടുപ്പിച്ചു ഒറ്റപ്പോക്ക്. അതിൽ മീനുകൾ കുടുങ്ങിയിരിക്കും.
മീനുണ്ടെന്ന് കണ്ടാൽ ആരേലും ഒരാൾ തോർത്തും കയ്യിൽ പിടിച്ചോണ്ട് ഒലിച്ചിറങ്ങുന്ന വെള്ളത്തോടെ കരയിൽ കയറി തോർത്ത് നിലത്തുവിരിക്കും. അതിൽ മീൻകുഞ്ഞുങ്ങൾ കിടന്ന് പിടയുന്നുണ്ടാവും, കുറച്ച വലുത് ചാടിനോക്കും. ഞങ്ങൾ പെട്ടന്നു തന്നെ അവയെ പിടിച്ച് വെള്ളം നിറച്ച കുപ്പിയിലാക്കും. വളരെ സൂക്ഷിച്ചാണ് തോർത്തിൽ നിന്നെടുക്കന്നത്, അമർത്തി പിടിച്ചാൽ അവ ചത്ത പോകും. പരിശ്രമങ്ങൾ എല്ലാം വെറുതെയാകും.
കളിയും തമാശയുമായും, എടക്ക് ആളുമാറിയും മീൻപിടിത്തും തുടരും , അന്നത്തെ ആവേശം കഴിയുമ്പോൾ വെള്ളത്തിന്ന് കയറും. പിന്നീട് ഓരോരുത്തരും കിട്ടിയ മീനേ വീതംവെച്ച് അവരവരുടെ കുപ്പിയിലാക്കി വീട്ടിലേക്ക് നടക്കും. ഒന്നോരണ്ടോ ചെറുമീനുകളുമായി ഞാൻ വീട്ടിലെത്തുമ്പോൾ തന്നെ രണ്ട്‍ കല്ലും കുറച്ഛ് പായലും അടിയിൽ മണ്ണുമിട്ട് ആ ചെല്ലുകുപ്പി ഒരു ചെറു അക്വാറിയമാക്കി മാറ്റും.
എന്നിട് അത് നിറഞ്ഞ കൗതകത്തോടെ ഞാൻ ആ ജനലിന്റെ അരികിൽവെയ്ക്കും. മേശയുടെയരികിൽ കസേരയിട്ട് ആ ചില്ലുകുപ്പി നോക്കിരിയുമ്പോൾ നമ്മൾ എന്തോ നേടിയ ഭാവമാണ് മനസ്സിൽ, ചെറിയ കാര്യങ്ങൾപ്പോലും വലിയ സന്തോഷം തന്നിരുന്നു കുട്ടിക്കാലം.
വീതി കുറഞ്ഞ കുപ്പിയായാത് കൊണ്ട് അവ ഇങ്ങനെ മുകളിലോട്ടും താഴോട്ടും നീന്തി കൊണ്ടേയിരിക്കും, നമ്മുക്ക് കാണാൻ രസമുണ്ടെലും അവക്ക് മടുക്കുമാരിക്കും ചിലപ്പോൾ, അറിയില്ലലോ! ചോദിക്കാനും പറ്റില്ല. അപ്പോൾ ഓർക്കും വൈകുന്നേരം അവക്ക് വിശക്കുമാരിക്കുമെലോ?! അതിന് കഴിക്കാൻ വെള്ളത്തിൽ ഒന്നുമില്ലതാനും. അവക്ക് തീറ്റകൊടുക്കാൻ അന്ന് ഒറ്റവഴിയെഒള്ളു. അമ്മ ചോറ് വെച്ചിരിക്കുന്ന കലത്തിൽ നിന്ന് മൂന്നാല് തരി ചോറെടുക്കുക, അത് വെള്ളത്തിൽ ഇട്ട്കൊടുക്കുക. ചിലപ്പോൾ അന്നേരം അവ വന്ന് ഒന്നോരണ്ടോ കൊത്ത് കൊത്തും, ചോറ് വെള്ളത്തിലോട്ട് താഴ്ന്നപോകുകയും ചെയ്യും.
വിശക്കുമ്പോൾ അവ അത് കഴിക്കുമെന്ന വിശ്വാസത്തിൽ ഞാൻ ഉറങ്ങാൻ പോകും. പിറ്റേന്ന് രാവിലെ വന്ന ആ മീന്കുഞ്ഞുങ്ങളെ വീണ്ടും നോക്കും, ഹാ എന്ത് രസം. അവയുടെ നീന്തൽ കണ്ട് ഞാൻ സ്വയം ആനന്ദിലാകാറുണ്ട്. പക്ഷേ ചേലുള്ള ആ കാഴ്ച്ചയ്ക്ക് പലപ്പോഴും മൂന്നാല് ദിനമേ ആയുസുള്ളൂ. പിന്നീട് ഒരു ദിവസം രാവിലെ ആ ഓറഞ്ച് നിറത്തിലുള്ള മീനുകൾ ചത്ത് പൊങ്ങികിടപ്പുണ്ടാരിക്കും, വെള്ളവും കലങ്ങിയിട്ടുണ്ടാവും. മലന്ന് പൊങ്ങിക്കിടക്കുന്ന അവയെ തട്ടി ജീവൻവെപ്പിക്കാൻ ഒരു വിഫലശ്രമം നടത്താറുണ്ട് പലപ്പോഴും. ഇനി അവ നീന്തില്ലാന്നറിയുമ്പോൾ മനസ്സിൽ നിരാശ നിറയാറുണ്ട്. എവിടെയോ ഒരു ദുഃഖം നനക്കുമായിരുന്നു എന്റെ കുഞ്ഞുമനസ്സിനെ.
ചില ഓർമകളുടെ സന്തോഷങ്ങൾക്ക് അവ തന്ന വേദനകളേക്കാൾ ശക്തിയുണ്ടാകാറുണ്ട് എന്ന ജീവിതത്തിൽ പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒഴിഞ്ഞ ചില്ല്കുപ്പിയുമായി അടുത്ത വൈകുന്നേരം ഞങ്ങൾ വീണ്ടും തൊട്ടിലോട്ട് നടക്കും. ഓറഞ്ച് നിറമുള്ള മീനുകളെ തപ്പി തോർത്തുമായി തോട്ടിലോട്ടിറങ്ങും.
ചില കഥകൾക്കും ഓർമകൾക്കും അവസാനമില്ലന്ന് ഓർത്തുകൊണ്ട് ഞാൻ പതിയെ തിരിച്ചുനടന്നു. അവ തുടരട്ടെ.
What are your thoughts on this post?
I’d love to hear from you! Click this link to email me—I reply to every message!
Also use the share button below if you liked this post. It makes me smile, when I see it.