നഷ്ട്ടപുഷ്പം

ഞാന്‍ ആദ്യം അവളില്‍ ശ്രദ്ധിച്ചത് ആ കണ്ണുകളായിരുന്നു. അതിന്റെ തിളക്കവും ആഴവും എന്നേ അത്ഭുതപ്പെടുത്തി. അതില്‍ക്കൂടുതല്‍ അത് എന്നേ ആകര്‍ഷിച്ച് കൊണ്ടേയിരുന്നു.

ഹൈസ്‌കൂള്‍ ചുമരുകളില്‍ അത് പ്രണയത്തിന്റെ തോരാമഴ പെയ്യിച്ചു. എന്റെ ആദ്യ പ്രണയം ആ മഴയത്താണ് ആ പൂവ് വിരിഞ്ഞത്. അത് ആദ്യം പറഞ്ഞത് എന്റെ ധീരായായ പെണ്ണ് തന്നെയായിരുന്നു. നോട്ടങ്ങള്‍ കൊണ്ടായിരുന്നു ആദ്യ പ്രണയം. പിന്നീട് ഫോണിന്റെ ഇരുവശത്തും നിന്നു കൊണ്ട് ഞങ്ങളുടെ ലോകം ഞങ്ങള്‍ സൃഷ്ട്ടിച്ചു.

അവളേക്കാള്‍ കൂടുതല്‍ വേറൊരു പെണ്‍കുട്ടിയോട് മിണ്ടിയാല്‍പ്പോലും അവള്‍ മുഖംവീര്‍പ്പിച്ച നടന്നു. ഞാന്‍ അവളെ അതും പറഞ്ഞ് പലപ്പോഴും പ്രകോപിപ്പിച്ചു. കൂട്ടുകാരുടെ കളിയാക്കലുകളെ പൊട്ടിച്ചിരിച്ചുകൊണ്ട് നിഷ്പ്രഭമാക്കിയ അവള്‍ പക്ഷേ എന്റെ കളിയാക്കലുകളുടെ മുന്നില്‍ കണ്ണ് നിറഞ്ഞുനിന്നു. ആ കണ്ണീരിന്റെ നനവ് ഇന്നും എന്റെ ഉള്ളില്‍ തളംകെട്ടിക്കിടക്കുന്നു.

ഒടുവില്‍ എന്റെ ഓട്ടോഗ്രാഫില്‍ കൂടുതലും അവള്‍ക്ക് വേണമെന്ന വാശിയില്‍ അറിയാത്ത സാഹിത്യമെഴുതി എനിക്ക് തന്നപ്പോഴാണ് ആ കണ്ണുകളിലെ നിഷ്‌കളങ്കതയുടെ ആഴം ഞാന്‍ കണ്ടത്. ഹൈസ്‌കൂള്‍ ജീവിതത്തില്‍ നിന്ന് എഞ്ചിനീയറിങ് പഠനകാലത്തും എന്റെ കൂടെ നടക്കാന്‍ അവള്‍ക്ക് കിട്ടിയ ഗവണ്‍മെന്റ് കോളേജ് വിട്ട് എനിക്ക് കിട്ടിയ കോളേജില്‍ അവള്‍ ചേര്‍ന്നു. ഞങ്ങളുടെ പ്രണയം കാണാന്‍ കോളേജ് ചുമരുകള്‍ പതുങ്ങിനിന്നു. പ്രണയമഴ പെയ്ത്കയറിയപ്പോള്‍ നേരെ വീട്ടില്‍ പോയി പ്രണയമവതരിപ്പിച്ചു. എത്രയും പെട്ടെന്ന് അവളെ സ്വന്തമാക്കാന്‍ ഞാന്‍ കൊതിച്ചു. പക്ഷേ സ്വന്തം മതം എന്ന ഒറ്റ നിബന്ധന വച്ച് അമ്മ അതിനേ എതിര്‍ത്തു.

മതസ്‌നേഹം മാറി സ്‌നേഹം മാത്രമാകണമെന്ന് ഈ ലോകത്തോട് ഉറക്കെ പറയണം. പക്ഷേ അകാലത്തില്‍ അപ്പന്‍ പോയപ്പോള്‍ തൊട്ട് അമ്മയാണ് എല്ലാം. ഇന്നോളും ഒന്നും ആഗ്രഹിക്കാതെ സ്‌നേഹം തന്ന ആ അമ്മക്ക് മുന്നില്‍ തോറ്റു കൊടുത്ത ഞാന്‍, അവളേ എന്നില്‍ നിന്ന് പറിച്ചുമാറ്റാന്‍ ശ്രമിച്ചു. ധീരനല്ലാത്ത ഒരു കടലാസ് കാമുകന്‍ മാത്രമാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞ നിമിഷം.

പക്ഷേ ഞാന്‍ പറിച്ചു കളഞ്ഞതിനേക്കാള്‍ വേഗത്തില്‍ അവള്‍ എന്നില്‍ പടര്‍ന്ന് കയറി വേരുകളുന്നീ. എന്നില്‍ പടരുകയും പൂക്കുകയും ചെയ്യുന്ന അവള്‍ക്ക് അന്യനാകുന്നതോര്‍ത്ത് ഞാന്‍ ഭയപ്പെട്ടു.പക്ഷേ പ്രണയ മഴ കൊണ്ട് ഞങ്ങള്‍ പൂക്കുകയായിരുന്നു, ഇടയ്ക്ക് എവിടെയോ വാടിയെങ്കിലും വസന്തം പിന്നെയും വന്നുകൊണ്ടേയിരുന്നു.

ഒടുവില്‍ വീട്ടുകാരുടെ സമ്മതവുമായി എന്റെ അരികില്‍ വന്ന അവളുടെ മുന്നില്‍ ഞാന്‍ വീണ്ടും തോറ്റു. എന്റെ വീട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ അവളേ മറന്നേപ്പറ്റു എന്നായി കാര്യങ്ങള്‍. അന്നാണ് എന്റെ പൂവില്‍ നിന്ന് തോരാകണ്ണീര്‍ പെയ്ത് തുടങ്ങിയത്. പക്ഷേ ഞാന്‍ പറഞ്ഞ കൊടുത്ത ആല്‍ക്കമിസ്റ്റിന്റെ കഥ അവള്‍ എന്നോട് പറഞ്ഞ് കൊണ്ടേയിരുന്നു. ‘നീ എന്തേങ്കിലും ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത് തരാന്‍ ഈ ലോകം മുഴുവന്‍ നിന്റെ കൂടെ വരും’. അതില്‍ വിശ്വസിച്ച അവള്‍ എന്നെ പ്രണയിച്ചകൊണ്ടേയിരുന്നു അറിയാതെ ഞാനും.

നാട്ടിലെ ജോലി പോരാന്ന് തോന്നിയപ്പോള്‍ ഞാന്‍ പ്രവാസിയായി. എന്നും വിളിക്കുന്ന അവള്‍ ഒരു ദിവസം വിളിച്ച പറഞ്ഞു നാളെ അവളെ പെണ്ണ് കാണാന്‍ വരുമെന്ന്. ഞാന്‍ എന്ത് പറയണം. പ്രണയത്തിന്റെ പത്താം വര്‍ഷത്തില്‍ നമ്മുക്ക് പിരിയാം എന്നോ. അറിയില്ല. അവള്‍ മറുപടി പ്രതീക്ഷിക്കുന്നില്ല എന്നു തോന്നി. കരയാന്‍ അവള്‍ മറന്നുപോയിരിക്കുന്നു ഞാനും.

ഫോണിന്റെ അങ്ങേത്തലയ്ക്കലെ നിശബ്ദതതയില്‍ പുറത്ത് എവിടെയോ കാറ്റ് വീശുന്നത് ഞാന്‍ കേട്ടു. പ്രണയവസന്തം തന്ന പൂവിന് ഇനി കണ്ണീര്‍ മാത്രം ബാക്കിയെന്ന് കാറ്റ് കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. കാറ്റില്‍ എവിടെയോ മരുഭൂമിയിലെ മഴയിരമ്പം മുഴങ്ങുന്നു. ആ മഴയില്‍ എന്നും വാടാത്ത പൂവായി നില്‍ക്കട്ടെ നീ.

Read More