വിൺസുതൻ ജാതനായി - ഭാഗം 1

“ഇന്നിതാ വിൺസുതൻ ജാതനായി
കന്യാമേരി തൻ കണ്മണിയായി.”

വർഷങ്ങൾ പഴക്കമുള്ള ആ പാട്ട് കഴിഞ്ഞ വിസിലടിച്ചപ്പോൾ ഞങ്ങൾ കരോൾ ഗായകസംഘം നിശബ്ദമായി. ക്രിസ്മസ് കാരോളിന് പാട്ടും കൊട്ടും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വിസിലടിയോടെയാണ് അന്നും ഇന്നും.

ഒരു നിമിഷം ഞങ്ങൾ പ്രാർത്ഥിച്ചു, സമയം ഏഴര കഴിഞ്ഞു,പതിവ് പോലെ ഇത്തവണയും വൈകി. അതും പറഞ്ഞ ഞങ്ങൾ കുരിശപ്പള്ളിയിൽ നിന്ന് പുറത്തോട്ടിറങ്ങി. ആകാശത്ത് നിലാവുണ്ട്, അതിൻ്റെ പ്രകാശത്തിൽ നിറഞ്ഞനിൽക്കുന്നു തൂവെള്ളയാറന്ന പള്ളി, ഏറ്റവും മുകളിലെ കുരിശിന് പുറകിലാ ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നുന്നു, പെട്ടെന്ന് ഡ്രംമ്മിൻ്റെ ശബ്ദമയർന്നു.

പള്ളിയുടെ കരോൾ ഇറങ്ങാൻ പോകുന്നു, അത് ഓർത്തപ്പോൾ തന്നെ നെഞ്ചിൽ പതിവുള്ള ഇടിപ്പ് നിറയുന്നു. ക്രിസ്തുമസ് രാത്രികളിൽ കരോൾ സംഘത്തിൻ്റെ ശബ്ദം കേൾക്കുമ്പോൾ മാത്രം ഉണ്ടാകുന്ന സുഖമുള്ള തുടിപ്പ്.

പുറത്ത് നേരിയ മഞ്ഞ് പൊഴിയുന്നു. ഉള്ളിൽ അതിലേറെ തണുപ്പും സന്തോഷവും വഹിച്ചുകൊണ്ട് ഞങ്ങൾ പത്തുമുപ്പത് ആളുകൾ അടങ്ങുന്ന സംഘം നടന്ന തുടങ്ങി. വഴിയിൽ നിറയെ ഇരുട്ട്. അങ്ങ്ഇങ്ങായി റോഡിന് ഇരുവശവും നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് വരുന്ന ബൾബിൻ്റെ വെളിച്ചത്തിന് ഇരുട്ടിനെ പൂർണമായും മാറ്റാൻ കഴിയുന്നില്ല.

ആ ഇരുട്ടിൽ ഞങ്ങൾക്ക് വഴികാട്ടാൻ ഒരു നീണ്ട മനുഷ്യൻ മുന്നേ നടക്കുന്നുണ്ട്. വെള്ളത്തോർത്തും തലയിൽചുറ്റിവെച്ച് അതിൽ പെട്രോൾമാക്സുമായി നരച്ച ചുമന്ന ഷർട്ടുമിട്ട് മുണ്ടും മടക്കിക്കുത്തി അയാൾ ഒരു വഴികാട്ടിയെപ്പോലെ നടന്ന് നീങ്ങുന്നു. പണ്ട് ഒരു വാൽനക്ഷത്രം വഴികാട്ടിയത് പോലെ.

ഞങ്ങൾ ചെറുപ്പക്കാരും കുട്ടികളും മുൻപിലും മുതിർന്ന അച്ചായന്മാർ പുറകിലുമായി ആ വെട്ടത്തിന് പുറകെ റോഡിലോട്ട് ഇറങ്ങി നടന്നുതുടങ്ങി. ഞങ്ങളുടെ മുഖത്ത് ആവേശം നിറഞ്ഞു നിന്നിരുന്നു, കഴിഞ്ഞ ഒരു വർഷം മുഴുവൻ കാത്തിരുന്ന ദിനങ്ങളാണ് ഇനിയുള്ളത്. അതിൻ്റെ മുഴുവൻ ആവേശത്തിമിർപ്പിൽ മുൻപോട്ട് വന്ന ഞങ്ങൾ വിസിലടിച്ച ഒരു കൈയ്യ് ആകാശത്തേക്ക് ചൂണ്ടി ഉറക്കെപ്പാടിത്തുടങ്ങി.

“താരാഗണം സ്തുതിപാടും രാവിൽ
ദുതഗണം സ്തുതിപാടും രാവിൽ
ഭൂജാതനായിന്ന്…ഉണ്ണി ഭൂജാതനായിന്ന്.

മഞ്ഞ് പെയ്യും രാവിലിന്ന് മാലാഖമാർ…..”

ബാക്കിയുള്ളവർ അത് ഏറ്റുപാടുന്നതിനോടൊപ്പം ഡ്രമ്മും സൈഡ്ഡ്രമ്മും ശബ്ദമുയർത്തും. ഡ്രമ്മിൻ്റെ തുകലിൽ നിന്ന് വരുന്ന ധും ധും ശബ്‌ദത്തോടെപ്പം സൈഡ്ഡ്രമ്മിൻ്റെ ചിലങ്ങുന്ന കൊട്ടും ചിഞ്ചിലത്തിൻ്റെ ചിലച്ചില് ശബ്ദവും ഞങ്ങളുടെ ഇടയിൽ നിറഞ്ഞു.

ആദ്യത്തെ നാലുവരി കഴിയുമ്പോൾ തമ്പേറിൻ്റെ ശബ്ദം തെല്ലൊന്ന് നിൽക്കും, അടുത്ത വരി പാടിതുടങ്ങുമ്പോൾ അവ പിന്നെയും കൂട്ടിയടികൊണ്ട് ശബ്ദമുയർത്തും, താളത്തിൽ അർപ്പവിളിച്ചും പാടിയും ഞങ്ങൾ മുന്നോട്ട് നടക്കും. ഈ വർഷത്തെ മുഴുവൻ സന്തോഷവും ചുമന്ന ഉടുപ്പുമിട്ട് നരച്ചനീണ്ട താടിയുമായി കൂടെയുണ്ട്. മിട്ടായുടെ സമ്മാനക്കെട്ട് മുറുക്കെ പിടിച്ച് വടിയും കുത്തി തുള്ളികളികൊണ്ടാണ് ഞങ്ങളുടെ സന്തോഷം സാന്താക്ലോസ് ആയി നടക്കുന്നത്.

റോഡിലൂടെയുള്ള ഞങ്ങളുടെ വരവും കാത്തിരിക്കുന്ന വീടുകളിലേക്ക് പതിയെ നടന്ന് കയറുമ്പോൾ മിന്നുന്ന നക്ഷത്രവിളക്കുകൾക്ക് അരികിലാ വരാന്തയിൽ അവിടുത്തെ കുടുംബം നില്പുണ്ടാവും. ആ വീടിൻ്റെ ഗൃഹനാഥൻ ഏറ്റവും മുന്നിലായി മുതിർന്ന ആൺകുട്ടിയുമായി നിൽകുമ്പോൾ അമ്മയുടെ പുറകിൽ ക്രിസ്തുമസ് പപ്പയെ പേടിച്ച ഇളയ ആൺകുട്ടി മറഞ്ഞനിൽക്കുന്നത് കാണാം. പേടിച്ചാണേലും സാന്ത തരുന്ന മിട്ടായി അവൻ എത്തി വാങ്ങിക്കാറുണ്ട്. ഞങ്ങളെയും നോക്കികൊണ്ട് പ്രായമായ അമ്മച്ചി സ്വീകരണമുറിയിൽ ഇരിന്നു കൊണ്ട് അവരുടെ പഴയ കരോൾ ഓർക്കുന്നുണ്ടാവും അപ്പോൾ.

ഡ്രമ്മടിച്ച കയറുന്ന ഞങ്ങൾ വിസിലടിയോടെ കൂടെ കോട്ട നിർത്തുമ്പോൾ കരോൾ പാട്ട് തുടങ്ങും.

“പുളകം കൊണ്ടാടിടുന്നീ നേരത്തെല്ലാം
പുൽക്കൂട്ടിൽ ഉണ്ണിയുടെ കിടപ്പക്കണ്ട്."

ആദ്യത്തെ രണ്ടുവരി ഞങ്ങൾ ഗായകസംഘം പാടി കഴിയുമ്പോൾ അടുത്ത വരിയുടെ കൂടെതന്നെ ഡ്രമ്മിൻ്റെ ശബ്ദമുയരും. പിന്നീട് അവിടയൊരു ആഘോഷമാണ്. പാട്ടിന്റെ താളത്തിൽ കൊട്ടിയടിച്ചോണ്ട് ഉയരുന്ന തമ്പേറിനൊപ്പം ഞങ്ങൾ വട്ടം ചേർന്ന് ഒരു കൈയ്യുർത്തി ഉയർന്ന് പാടും,

“…മലയിൽ നിന്ന് ഓടിയെത്തി ഇടയരെല്ലാം നല്ല
ചുവടുവെച്ച് ചുവടുവെച്ച് നടനമാടി.

മനസ്സിന്റെ കാലിത്തൊട്ടിൽ കിളിപ്പറന്നേ
മനുജൻ്റെ പുതുമണ്ണിൽ ഒളിപ്പരന്നേ…
പശുതൊട്ടിൽ ഒരുക്കിയ പുതിയസ്വർഗം
നല്ല കണിക്കൊന്ന മലർവാടി വിരിഞ്ഞത്പോൽ.”

ഓരോ വരിയും ആവേശത്തോടെ എല്ലാവരും ചേർന്ന് പാടുന്നതിനൊപ്പം വട്ടത്തിൽ തോൾചേർന്ന് തുള്ളിച്ചാടും ഞങ്ങളിൽ ചിലർ.. ആ ഇരുട്ടിൽ തമ്പേറിൻ്റെയും ചിഞ്ചിലത്തിൻ്റെയും ശബ്ദത്തോടപ്പം ഞങ്ങളുടെ ചുറ്റും ഒഴുകുന്നത് സന്തോഷം മാത്രമാകും. ഇതെല്ലാം കണ്ട പുറകിൽ ഞങ്ങൾക്ക് ഒപ്പം ഉറക്കെപ്പാടിയും താളത്തിൽ കയ്യടിച്ചും തലമുതിർന്നവർ നില്പുണ്ടാവും. ഈ സമയങ്ങളിൽ ഉള്ളിൽ നിറയുന്ന സന്തോഷം ദൈവീകമാരിക്കാം.

ആ പാട്ടും കൊട്ടും കഴിയുമ്പോൾ ക്രിസ്തുമസ് ആശംസകൾ അറിയിച്ചോണ്ട് ഞങ്ങൾ ആ വീട്ടീന്നിറങ്ങും. അത് വരെ പേടിച്ച നിന്ന് ഇളയകുട്ടി ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും അപ്പോൾ.

തുടരും….

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More