ഞാനും നീയും ഒരേ ആകാശത്തിന്
കീഴെയുള്ള കാലത്തോളം
നമുക്കിടയിലെ
മഹാസമുദ്രങ്ങളെക്കുറിച്ച് ഓർത്ത്
ഞാൻ ആശങ്കപ്പെടുന്നില്ല!
ഒരേ ആകാശം
കേരളജനതക്ക് നന്ദി
പ്രകാശവും പ്രതീക്ഷകളും അറ്റ് പോയ എന്റെ ഇൻഡ്യയിൽ, പ്രാണവായു കിട്ടാതെ പിടഞ്ഞ് തീർന്ന മനുഷ്യർക്കിടയിൽ, ജനങ്ങളേക്കാൾ കൂടുതൽ ജാതിയെ സ്നേഹിച്ച ഭരണാധികാരികൾക്കിടയിൽ,
എന്റെ കേരളം പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും തുരുത്തായി ഇനിയും നിലകൊള്ളും.
കേരളജനതക്ക് നന്ദി ❤️
വിഷു ആശംസകൾ
കണിക്കൊന്നപ്പോലെയുള്ള ചിരികൾ ഉണ്ടാവട്ടെ ഇനി നമുക്കിടയിൽ.
വിഷു ആശംസകൾ ✨
പ്രതീക്ഷ
ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്.
ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.
വീണ്ടും പ്രണയത്തിലാകാൻ
ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?
വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!
മറവികൾ
ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.
ചങ്ങാതി
ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.
ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയെന്താണ് ദൈവനിയോഗം.
നീലച്ചിറകുകൾ
ഒഴിഞ്ഞ പച്ചകുപ്പി കാണുമ്പോൾ ഞാൻ ഓർക്കുന്നത് , വേരുകൾ പിറക്കാൻ ഞാൻ കാത്തിരുന്ന പച്ചയും മഞ്ഞയും കലർന്ന എൻ്റെ വള്ളിച്ചെടികളെയാണ്. അരികിലുള്ള നാല്മണിച്ചെടിയുടെ പൂക്കളെയാണ്.
ഓരോ പ്രഭാതങ്ങളിലും എൻ്റെ സ്വപ്ങ്ങൾക്ക് നീലച്ചിറകുകൾ തുന്നിത്തരാൻ അവ എന്നെയും കാത്ത് ഇപ്പോഴും ആ ജനരികിലുണ്ട്.
കോറോണകാലം
ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.
ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.
ചിറകുകൾ
ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.
പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.