ചിറകുകൾ

14 July 2020

ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.

പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.

റാന്തൽ

14 July 2020

ഞാൻ പോകുമ്പോൾ
ഒരു റാന്തൽ കെടാതെ
ഉമ്മറത്ത് തൂക്കിയിടാം.
വൈകുന്നേരങ്ങളിൽ അത്
കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്
ഓർത്ത്കൊള്ളുക.

പുതുശബ്ദമാകുക

4 April 2020

ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.

പക്ഷേ അപ്പോൾത്തന്നെ എതിർവശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് കുട്ടികളുടെ ആരവങ്ങൾ ഉയരുമ്പോൾ, എല്ലാ ആപത്തുകാലങ്ങളെപ്പോലെ ഈ കോറോണക്കാലവും നാം കീഴടക്കുമെന്ന് അവർ പറയുന്നുണ്ടെന്ന് തോന്നുന്നു.

പ്രീതിക്ഷയുടെ പുതുശബ്ദമാകുക നമ്മൾ പരസ്‌പരം.

മുറിവുകൾ

3 April 2020

നീ തന്ന മുറിവുകളിൽ
പൂക്കൾ വിരിയുമ്പോഴും,
നിന്റെ ഗന്ധമായിരിക്കും.

മുറിവുകൾ

3 April 2020

നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.

നീ അവയിൽ ചുംബിക്കുക, ഇനിയും നിനക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് തരും അവ.

കണ്ണുകൾ ഉയർത്തി നീ മുന്നോട്ട് പോകുക.

ചോദ്യങ്ങൾ

22 March 2020

ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?

എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.

പുനർജ്ജനിക്കാറുമുണ്ട്

22 March 2020

ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.

പക്ഷേ പിന്നെയും പിന്നെയും പുനർജ്ജനിക്കാറുമുണ്ട്.

അടുക്കള

14 March 2020

ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.

പ്രണയനക്ഷത്രം

14 February 2020

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.

ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയാേർക്കുന്നതല്ലേ പ്രണയം.

വിട

31 December 2019

പ്രിയപ്പെട്ട 2019 ന്

വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.

ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.